ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് വൻ വിജയം നേടിയ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരം തോൽക്കാതിരുന്നാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. കാര്യമായി ഒന്നും ചെയ്യാനാകാതെപോയ ശ്രീലങ്കയെ മൊഹാലിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വരിഞ്ഞുമുറുക്കിയിരുന്നു.
മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ വിജയമായിരുന്നു ടീം നേടിയിരുന്നത്. ബംഗളൂരുവിലെ ഫലത്തിലും കാര്യമായ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല.ഇന്ത്യൻ നായകൻ രോഹിത് ശർമ നാന്നൂറാം അന്താരാഷ്ട്ര മത്സരത്തിനാണിറങ്ങുന്നതെന്ന പ്രത്യേകതയും ഈ ടെസ്റ്റിന് ഉണ്ട്. മായങ്ക് അഗർവാൾ തന്നെയാകും ഓപ്പണിങിൽ രോഹിത്തിന്റെ പങ്കാളിയായി എത്തുക.