ലാ പാസ് : മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെ ഗുവേരയെ വെടിവെച്ചുകൊലപ്പെടുത്തി എന്ന് കരുതുന്ന മുൻ ബൊളീവിയൻ പട്ടാളക്കാരൻ മരിയോ ടെറാൻ സലാസർ (80) അന്തരിച്ചു. ഏറെനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. 30 വർഷത്തെ സൈനികസേവനത്തിനുശേഷം വിരമിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നുകഴിയുകയായിരുന്നു.
ശീതയുദ്ധം കത്തിനിൽക്കുന്നതിനിടെ 1967 ഒക്ടോബർ ഒൻപതിന് ബൊളീവിയയിലെ കിഴക്കൻ സാന്റാക്രൂസ് പ്രവിശ്യയിലാണ് ചെ ഗുവേര കൊല്ലപ്പെടുന്നത്. രണ്ട് ക്യൂബൻ അമേരിക്കൻ സി.ഐ.എ. ഏജന്റുമാരുടെ സഹായത്തോടെ ബൊളീവിയൻ സൈന്യം ഒക്ടോബർ എട്ടിന് ചെയെ പിടികൂടി. പട്ടിണിയും രോഗവും വകവെക്കാതെ സൈന്യത്തിനെതിരായ ഒളിപ്പോർ സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു അപ്പോൾ അദ്ദേഹം.