കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകർ ശ്രദ്ധിക്കുന്നത്. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പൊലീസ് യു എ പി എ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിൽ ഉണ്ടായിരുന്നെന്ന് സൂചനകൾ ഉണ്ട്.
നേരത്തെ ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21 ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി അശോകൻ എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റുകൾ എത്തിയത്.