ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 (ജി 23) നേതാക്കൾ. ഡല്‍ഹിയിൽ ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്ന ജി 23 നേതാക്കൾ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. മാറ്റമില്ലാതെ കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവർത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
ഗാന്ധി കുടുംബം നേതൃത്വത്തിൽ നിന്ന് മാറണമെന്നും അശോക് ഗെഹ്ലോട്ടിനെയോ ഖാർഗെയെയോ നേതൃസ്ഥാനമേൽപ്പിക്കണമെന്നും ഇവർ വ്യക്തമാക്കി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്.
കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയിൽ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കൾ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജി 23 എന്നാൽ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാർ മുമ്പൊരിക്കൽ പറഞ്ഞത്.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ.
സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി കോൺഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ജി-23 നേതാക്കന്മാർ ആത്മവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്.
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.