കൊച്ചി: അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘കുഞ്ഞെൽദോ’ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനൽ സീ കേരളത്തിന്റെ പ്രീമിയറിംഗിലൂടെ ടെലിവിഷൻ സ്ക്രീനിലേക്ക്. കലാലയ വർണ്ണങ്ങളിൽനിന്ന് ഉടലെടുത്ത ഫാമിലി ഇമോഷണൽ ഡ്രാമയിലെ കൗമാരക്കാരനായ കലാലയ വിദ്യാർഥിയുടെ വേഷം നായകൻ ആസിഫ് അലിയും നായികയായി തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ പുതുമുഖം ഗോപിക ഉദയനും പകർന്നാടിയപ്പോൾ മനസ്സ് നിറക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് പിറന്നത്.
ആസിഫ് അലിയുടെ മറ്റൊരു ഫീൽഗുഡ് ഹിറ്റ് കൂടിയായ ചിത്രത്തിൽ സിദ്ദിഖ്, അനാർക്കലി നാസർ, ഹരിതാ ഹരിദാസ്, മിഥുൻ എം. ദാസ്, അർജുൻ ഗോപാൽ, എബിൻ പോൾ, അഖിൽ മനോജ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിർമ്മിച്ചിരിക്കുന്ന ‘കുഞ്ഞെൽദോ’, സൗഹൃദവും പ്രണയവും തമാശയും നിറഞ്ഞ ചേരുവകളാൽ കഥയിലും അവതരണത്തിലും മികച്ച് നില്ക്കുന്ന വേറിട്ട ചലച്ചിത്രാനുഭവമാണ് സൃഷ്ടിക്കുന്നത്.
പുതുമകളെ സ്ഥിരമാക്കിയ സീ കേരളം ചാനൽ വേറിട്ട ഒട്ടനേകം പരുപാടികളാണിപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. ഓപ്പറേഷൻ ജാവ, ചതുർമുഖം, ലാൽബാഗ്,ആഹാ,”എല്ലാം ശരിയാകും” , തലൈവി തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു ചാനലിന് ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന കുഞ്ഞെൽദോയും കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്. കുഞ്ഞെൽദോ വേൾഡ് ടെലിവിഷൻ പ്രീമിയർ മാർച്ച് 12 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ കാണാം.