മഡ്ഗാവ്: ഐഎസ്എൽ ആദ്യ സെമിയിലെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ജയം. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ജംഷേദ്പുര്‍ എഫ്.സിക്ക് എതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
മലയാളി താരം സഹൽ അബ്ദുൽ സമദ് കേരളത്തിൻ്റെ വിജയ ഗോൾ നേടി. മികച്ച ഫോമുമായി മഞ്ഞപ്പടയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരം സാന്നിധ്യമായിമാറിയ സഹലിന്റെ ഈ സീസണിലെ ആറാമത്തെ ഗോളായിരുന്നു ഇത്. പ്രതിരോധത്തിൽ നിറഞ്ഞുനിന്ന യുവതാരം റുയിവ ഹോർമിപാം ആണ് കളിയിലെ താരം.
മത്സരത്തിന്റെ തുടക്കത്തിൽ ഡാനിയൽ ചീമയ്ക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും സ്കോർ നേടാൻ കഴിയാത്തത് അവർക്ക് കനത്ത തിരിച്ചടിയായി. പിന്നീട് മെല്ലെ കളിയിലേക്ക് തിരികെവന്ന ബ്ലാസ്റ്റേഴ്സ് 38ആം മിനിട്ടിൽ സഹലിന്റെ ഗോളില്‍ ലീഡ് നേടി.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ജംഷേദ്പുരും ആക്രമണത്തിന് കുറവുവരുത്തിയില്ല. ടീമുകൾ ഇടക്കിടെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും ഗോളായില്ല.
ഈ വിജയത്തോടെ ജംഷേദ്പുരിനെതിരേ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. രണ്ടാം പാദ മത്സരം മാര്‍ച്ച് 15 ന് നടക്കും. ഈ സീസണില്‍ എവേ ഗോള്‍ നിയമം ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനലിലേക്ക് കടക്കാം.
ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനക്കാരായാണ് സെമിഫൈനൽ യോഗ്യത നേടിയത്. രണ്ടുതവണ ഫൈനലിസ്റ്റുകളായെങ്കിലും ഇതുവരെ ജേതാക്കളാകാൻ കഴിഞ്ഞിട്ടില്ലാത്ത മഞ്ഞപ്പട 2016-നു ശേഷം ഇതാദ്യമായാണ് ഐ.എസ്.എൽ സെമിയിൽ ഇടംനേടുന്നത്.