മോസ്കോ: യുക്രൈനുമായുള്ള ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ യൂറോപ്പ് തയാറായാല്‍ യുക്രൈന് പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പുടിന് പറഞ്ഞത്. ചര്‍ച്ചകളില്‍ പ്രശ്നപരിഹാരത്തിന് അനുകൂലമായ ചില പുരോഗതികള്‍ ഉണ്ടാകുന്നുണ്ടെന്നും പുടിന് പറഞ്ഞു.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഉക്രെയ്നിലെ ദിമിത്രോ കുലേബയും വ്യാഴാഴ്ച തുര്‍ക്കിയില്‍ കൂടിക്കാഴ്ച നടത്തിയത് സൂചിപ്പിച്ചായിരുന്നു പുടിന്റെ പരാമര്‍ശങ്ങള്‍. ചർച്ചകൾ തുടരുകയാണെന്നും പുടിൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം വെടിനിർത്തലിനു ധാരണയിലെത്താതെ റഷ്യ-യുക്രെയ്ൻ വിദേശകാര്യമന്ത്രിമാരുടെ ആദ്യവട്ട ചർച്ച അവസാനിച്ചിരുന്നു. വെടിനിർത്തൽ, മാനുഷിക ഇടനാഴി എന്നിവയിൽ ധാരണയിലെത്തുന്നതിനായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും തുർക്കി തലസ്ഥാനമായ അങ്കാറയിലാണു കൂടിക്കാഴ്ച നടത്തിയത്.
മരിയുപോളിൽനിന്ന് അടക്കം സാധാരണക്കാരെ പുറത്തെത്തിക്കുന്നതിനായി വെടിനിർത്തണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. എന്നാൽ, വെടിനിർത്തലിനോടു റഷ്യ പ്രതികരിച്ചില്ലെന്നും കീഴടങ്ങാനാണു ആവശ്യപ്പെട്ടതെന്നും ചർച്ചയ്ക്കുശേഷം കുലേബ മാധ്യമങ്ങളോടു പറഞ്ഞു. ലവ്റോവുമായുള്ള ചർച്ചയിൽ പുരോഗതിയില്ലെന്നും റഷ്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റു കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ സൈനികനടപടി പദ്ധതിയനുസരിച്ചുതന്നെയാണു നീങ്ങുന്നതെന്നും അയൽക്കാരെ റഷ്യ ആക്രമിക്കില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി ലവ്റോവ് ആവർത്തിച്ചു.
യുക്രൈന് വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പ് റഷ്യ നല്‍കിയിരുന്നു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ മുതല്‍ ആണവയുദ്ധമുണ്ടാകുമോ എന്ന് ലോകം ഭയന്നിരുന്നു. എന്നാല്‍ ഈ ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് റഷ്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യയുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.