കീവ്: യുക്രെയ്നിലെ വോൾനോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കി. കൂടുതൽ പ്രദേശങ്ങളില് ആക്രമണം തുടങ്ങി. റഷ്യൻ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ൻ ആരോപണം.
അതേസമയം, രാസ ജൈവായുധങ്ങളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുകയും ചെയ്തു. റഷ്യ കൂടുതൽ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് റഷ്യൻ അനുകൂലികളായ യുക്രെയ്ൻ വിമതർ വോൾനോവാഹ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായുള്ള വാർത്തകൾ പുറത്തുവന്നത്. റഷ്യ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മധ്യ യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നഴ്സറി സ്കൂളിന് സമീപത്താണ് ആക്രമണമുണ്ടായതെന്നു യുക്രൈൻ സർക്കാർ അറിയിച്ചു.
പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ ഇവാനോ ഫ്രാൻകിവിസ്ക്കിലും വടക്കു പടിഞ്ഞാറൻ നഗരമായ ലുട്സ്കിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഈ മേഖലയിൽ ആക്രമണം ഉണ്ടാകുന്നത്. റഷ്യൻ സേന യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലെയാണെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കി. റഷ്യ–യുക്രെയ്ൻ വിദേശകാര്യമന്ത്രിതല ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
ഇതിനിടയിൽ യുക്രെയ്ൻ രാസായുധം നിർമിക്കുന്നുവെന്ന റഷ്യൻ ആരോപണം പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി നിഷേധിച്ചു. നേരത്തേ അമേരിക്കയ്ക്കെതിരെയും റഷ്യ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മാരകമായ ആന്ത്രാക്സ്, പ്ലേഗ് എന്നീ രോഗങ്ങൾ പരത്തുന്ന അണുക്കളെക്കുറിച്ചു ഗവേഷണം നടത്തുന്ന യുക്രെയ്നിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചതെന്തുകൊണ്ടാണെന്നു യുഎസ് വ്യക്തമാക്കണമെന്നു റഷ്യൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു. ആരോപണം നിഷേധിച്ച അമേരിക്ക റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.