വാഷിങ്ടൺ ഡി.സി: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യു.എസ് ഡോളർ പ്രഖ്യാപിച്ചു.
പോളണ്ടിലെ വാർസായിലേക്കുള്ള യാത്രയ്ക്കിടെയാണ് യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യു.എസ്.എ.ഐ.ഡി) വഴി യു.എസ് ഗവൺമെന്റിൽ നിന്ന് ഏകദേശം 50 മില്യൺ ഡോളർ പുതിയ മാനുഷിക സഹായം പ്രഖ്യാപിച്ചത്.
ഈ അധിക സഹായത്തിൽ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യു.എഫ്.പി) പിന്തുണയും ഉൾപ്പെടുന്നു. അധിനിവേശത്തെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള അടിയന്തര ഭക്ഷ്യ സഹായം യുക്രെയ്ൻ അതിർത്തിയിലെത്തി. കിയവിലെ ആളുകൾക്കായി സഹായം എത്തിക്കുന്നതിനുള്ള ഡബ്ല്യു.എഫ്.പി യുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങളെ ഇത് പിന്തുണയ്ക്കും.
യുക്രെയ്നിലെ ദുരിതബാധിതർക്കായി ആരോഗ്യ വസ്തുക്കൾ, ഭക്ഷ്യ സഹായം, പുതപ്പുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുന്നതിനായി ഏകദേശം 50 ദശലക്ഷം യു.എസ് ഡോളർ മാനുഷിക സഹായം നൽകുമെന്ന് രണ്ടാഴ്ച മുമ്പ് യു.എസ് പ്രഖ്യാപിച്ചതിൻറെ അടിസ്ഥാനത്തിലാണ് പുതിയ സഹായം.