ജോജു ജോർജും(Joju George) അനശ്വര രാജനും(Anaswara Rajan) പ്രധാനവേഷത്തിലെത്തുന്ന ‘അവിയൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി(Aviyal Trailer). ഷാനിൽ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പോക്കറ്റ് എസ്ക്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്.
മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ ആണ് നായകനാകുന്നത്. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയൽ. പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.