ദുബൈ: പുണ്യമാസമായ റമദാനിൽ (Ramadan) വിശക്കുന്നവർക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 100 കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള (one billion meals) ക്യാമ്പയിനാണ് ആരംഭിക്കുന്നത്. ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റമദാൻ മാസം ആരംഭിക്കുമ്പോൾ മുതൽ ക്യാമ്പയിൻ തുടങ്ങുമെന്നും നൂറു കോടി മീൽസ് എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാമ്പയിൻ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകത്തെങ്ങും 800 ദശലക്ഷം ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ഞങ്ങളുടെ മനുഷ്യത്വവും മതവും മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം കുറിച്ചു.