റഷ്യ-യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിപണിയായ ആമസോൺ റഷ്യയിലേക്കുള്ള ഉൽപന്നവിതരണം നിർത്തി. റഷ്യൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം വിഡിയോ സേവനവും നിഷേധിക്കും. ഉപരോധങ്ങളെത്തുടർന്നു ബാങ്കിങ് സേവനങ്ങൾ മുടങ്ങിയ സാഹചര്യത്തിലാണിത്. യുട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കില്ല.
അതേസമയം യുക്രെയ്നിലെ ആക്രമണം 15ദിവസം പിന്നിടുമ്പോൾ കാര്യമായ മുന്നേറ്റമില്ലാതെ റഷ്യൻ സൈന്യം. യുക്രെയ്നിലെ ചെറുനഗരങ്ങളിൽ ഷെല്ലാക്രമണം തുടരുമ്പോഴും തലസ്ഥാനനഗരിയായ കിയവ് ഉൾപ്പെടെ പ്രധാന നഗരങ്ങൾ നിയന്ത്രണത്തിലാക്കാൻ റഷ്യക്ക് സാധിച്ചിട്ടില്ല. അതിനിടെ മരിയുപോളിൽ കുട്ടികളുടെ ആശുപത്രിക്കുനേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.