ലണ്ടൻ: ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളായ ചെൽസിയുടെ ഉടമ റോമൻ അബ്രമോവിച്ചിന്റെ ആസ്തികൾ യു.കെ മരവിപ്പിച്ചു. അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ കോടീശ്വരൻമാരുടെ സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്, ഒലെഗ് ഡെറിപാസ്ക, ആന്‍ഡ്രെ കോസ്റ്റിന്, അലെക്സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരാണ് നടപടി നേരിട്ടത്.
ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടിയിൽ ഉൾപ്പെടുന്നു.
ഇതോടെ, തിടുക്കപ്പെട്ട് ക്ലബ് വിറ്റഴിക്കാനുള്ള ശ്രമങ്ങൾക്ക് വിലക്ക് വീണു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടുള്ള പ്രതികരണമായാണ് നടപടി. റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്തനായാണ് അബ്രമോവിച്ച് കണക്കാക്കപ്പെടുന്നത്. 2003ലാണ് ഇംഗ്ലീഷ് ക്ലബിന്റെ ഉടമസ്ഥതയിലാകുന്നത്.
വിലക്കു വീണെങ്കിലും താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ശമ്പളത്തിനും ക്ലബ് നടത്തിപ്പിനും പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ടീമിന് കളികളുമായി മുന്നോട്ടുപോകാനാകും. മുമ്പ് വിറ്റഴിച്ച ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മൈതാനങ്ങളിൽ പ്രവേശനത്തിനും അനുമതിയുണ്ട്. പുതിയ ടിക്കറ്റ് വിൽപന പാടില്ല. സ്വന്തം മൈതാനത്തെ കാറ്ററിങ് സേവനങ്ങൾക്കും വിലക്കു വീഴും.
പുതിയ താരങ്ങളെ ടീമിലെടുക്കുന്നതും വിൽപന നടത്തുന്നതും വിലക്കിന്റെ പരിധിയിൽ വരും. ഉപരോധ സാധ്യത കണക്കിലെടുത്ത് ദിവസങ്ങൾക്ക് മുമ്പ് ചെൽസിയെ വിൽക്കാൻ സന്നദ്ധത അറിയിച്ച് അബ്രമോവിച്ച് രംഗത്തെത്തിയിരുന്നു.