കൊച്ചി: ‘വൃക്കയുടെ ആരോഗ്യം എല്ലാവര്ക്കും’ എന്ന ആശയം സാക്ഷാല്ക്കരിക്കുന്നതിനായി രാജ്യത്തെ നെഫ്രോളജിസ്റ്റുകളുടെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയും(ഐഎസ്എന്‍) ശാസ്ത്ര-അധിഷ്ഠിത ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനക്കയും ലോക വൃക്ക ദിനത്തില്‍ കൈകോര്‍ത്തു. വൃക്ക സംരക്ഷണത്തെക്കുറിച്ചും അനുബന്ധ ആരോഗ്യ വൈകല്യങ്ങളെക്കുറിച്ചും പൊതുജന അവബോധം സൃഷ്ടിക്കുക, പ്രാഥമിക രോഗനിര്‍ണയം, വേഗത്തിലുള്ള പരിപാലനം, വ്യാപകമായി പരിശോധന നടത്തുക, അപകടസാധ്യതയുള്ള രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും സമയബന്ധിതമായ രോഗനിര്‍ണയവും സമഗ്രമായ മാനേജ്മെന്റും പ്രോത്സാഹിപ്പിക്കുന്നതിന് ഫിസിഷ്യന്‍ തലത്തില്‍ വിദ്യാഭ്യാസം നല്‍കുക തുടങ്ങിയവയാണ് ബഹു-വര്‍ഷ സഹകരണത്തിന്റെ ലക്ഷ്യം.
ഗുരുതര വൃക്ക രോഗം ഇന്ന് ആഗോള മരണനിരക്കിന്റെയും രോഗാവസ്ഥയുടെയും ഒരു പ്രധാന കാരണമായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ വൃക്ക രോഗത്തിന് പ്രധാന കാരണം ഡയബറ്റിക് നെഫ്രോപതിയാണ്. ഇന്ത്യയില്‍ ഡയാലിസിസ് ചെയ്യുന്നവരോ അല്ലെങ്കില്‍ ട്രാന്‍സ്പ്ലാന്റേഷനായി ഷെഡ്യൂള്‍ ചെയ്യുന്നവരോ ആയ അവസാന ഘട്ടത്തിലുള്ള വൃക്ക രോഗികളുടെ എണ്ണം പ്രതിവര്‍ഷം 100,000-ലധികമാണെന്ന് പഠനങ്ങള്‍ കണക്കാക്കുന്നു. പത്തില്‍ ഒമ്പത് പേരും തങ്ങള്‍ വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നുമില്ല.
വൃക്കയുടെ ആരോഗ്യം എല്ലാവര്ക്കും എന്ന ഈ വര്‍ഷത്തെ ആശയത്തിനു കീഴില്‍ ഐഎസ്എന്‍ ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് ആളുകള്‍ക്കിടയില്‍ വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെകുറിച്ച് ബോധവല്‍ക്കരണം നടത്താനാണ് ലക്ഷ്യമിടുന്നത്. സഹകരണത്തിന്റെ ഭാഗമായി ആസ്ട്രാ സെനക്ക ഐഎസ്എന്റെ മാര്‍ഗനിര്‍ദേശത്തില്‍ ഡയബറ്റിക്, ഹൈപ്പര്‍റ്റെന്‍സിവ് രോഗികളില്‍ ഗുരുതര വൃക്ക രോഗം നേരത്തെ കണ്ടെത്തുന്നതിനായി പ്രൊജക്റ്റ് സെര്‍ച്ച് എന്ന പേരില്‍ വിപുലമായ പരിശോധന പരിപാടി സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള 2000ത്തിലധികം വരുന്ന ക്ലിനിക്കുകളിലായി 2.4 ലക്ഷം രോഗികളെ പരിപാടിയുടെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ പരിശോധിക്കും. രാജ്യത്തെ മികച്ച നെഫ്രോളജിസ്റ്റുകളെയാണ് പിന്തുണയ്ക്കും മാര്‍ഗനിര്‍ദ്ദേശത്തിനുമായി സൊസൈറ്റി റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത്, ശീലങ്ങള്‍ മാറ്റാനും നയരൂപകര്‍ത്താക്കളെ സ്വാധീനിക്കാനും ഐഎസ്എന്‍ നേതൃത്വം നല്‍കും.
രോഗികളിലും പൊതുജനങ്ങളിലും വൃക്കരോഗങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ലോക വൃക്കദിനം ആചരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ദക്ഷിണ മേഖല ചാപ്റ്റര്‍ പ്രസിഡന്റും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈ-ടെക് ഹോസ്പിറ്റല്‍ സീനിയര്‍ നെഫ്രോളജിസ്റ്റുമായ ഡോ. ടി.ടി.പോള്‍ പറഞ്ഞു. അടുത്ത കാലം വരെ വൃക്കരോഗങ്ങളെകുറിച്ച് സമൂഹം വേണ്ടത്ര അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. വൃക്ക പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും പല തെറ്റിദ്ധാരണകളും ഉണ്ടെന്നും അതുകൊണ്ട് തന്നെ വൃക്കയുടെ ആരോഗ്യം എല്ലാവര്ക്കും എന്ന ഈ വര്‍ഷത്തെ മുദ്രാവാക്യം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്തെ രക്ത, മൂത്ര പരിശോധനകള്‍ കൊണ്ടും അള്‍ട്രാസൗണ്ട് സ്കാനിംഗും വഴി വൃക്കസംബന്ധമായ തകരാറുകള്‍ നേരത്തേ കണ്ടെത്താം. വൃക്ക തകരാറിലായാലുള്ള കുഴപ്പങ്ങള്‍ എന്തൊക്കെയെന്ന അറിവ് വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും നേരത്തെയുള്ള കണ്ടെത്തലും ചികില്‍സയും വഴി വൃക്ക തകരാറുകളെ ഒഴിവാക്കാമെന്നും രോഗത്തെ കുറിച്ചും ഇന്ന് ലഭ്യമായ ചികില്‍സകളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് പ്രധാനമെന്നും ഡോ.ടി.ടി.പോള്‍ പറഞ്ഞു.
നമ്മുടെ ആരോഗ്യ സംവിധാനങ്ങളില്‍ വൃക്കരോഗങ്ങള്‍ ഏല്‍പ്പിക്കുന്ന ഭാരം കുറയ്ക്കുന്നതിനായി ഈ പങ്കാളിത്തം മൂന്ന് ഇന്ററാക്ടീവ് മൊഡ്യൂളുകളിലൂടെ ഏകദേശം 1000 പ്രൈമറി കെയര്‍ ഫിസിഷ്യന്മാര്ക്കായി രാജ്യത്തെ മികച്ച 30 നെഫ്രോളജിസ്റ്റുകളുടെ റിഫ്രഷര്‍ വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുക്കും. നേരത്തെയുള്ള രോഗനിര്‍ണയം, അവബോധം, മാനേജ്മെന്റ് തന്ത്രങ്ങള്‍, പ്രസക്തമായ ഇടപെടലുകള്‍ എന്നിവയേക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിലേക്ക് ഈ മൊഡ്യൂളുകള്‍ വിരല്‍ ചൂണ്ടും.
വൃക്കരോഗത്തെക്കുറിച്ചുള്ള അവബോധവും രോഗം കണ്ടെത്തലും വളരെ പ്രധാനമാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ദക്ഷിണ മേഖല ചാപ്റ്റര്‍ ഹോണററി സെക്രട്ടറിയും ബെംഗളൂരു വൈറ്റ്ഫീല്‍ഡ്, മണിപ്പാല്‍ ആശുപത്രി കണ്‍സള്‍ട്ടന്റുമായ ഡോ.രവി ശങ്കര്‍ ബോണു പറഞ്ഞു. വൃക്കരോഗം കൂടുന്ന ഒരാളില്‍ ശരിയാക്കാന്‍ കഴിയാത്ത തരത്തിലേക്ക് വൃക്ക തകരാറിലായേക്കാം. അതിനാല്‍ ദീര്‍ഘകാലമായി മരുന്ന് ഉപയോഗിക്കുന്ന പ്രമേഹ, രക്തസമ്മര്‍ദ്ദ രോഗികളെ കണ്ടെത്തി പരിശോധന നടത്തുന്നത് പ്രധാനമാണ്. കാലില്‍ നീര്, പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടുക പ്രത്യേകിച്ച് യുവജനങ്ങളില്‍, രാത്രിയില്‍ എപ്പോഴും മൂത്രം ഒഴിക്കുക തുടങ്ങിയവ രോഗത്തിന്റെ തുടക്ക ലക്ഷണങ്ങളാകാം. ക്ഷീണം, വിശപ്പിലായ്മ, ചര്‍മ്മത്തിന്റെ നിറവ്യത്യാസം അല്ലെങ്കില്‍ കുറഞ്ഞ ഹീമോഗ്ലോബിന്‍ എന്നിവ ഗുരുതരമായ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലളിതമായ മൂന്ന് പരിശോധനകളിലൂടെ എളുപ്പത്തില്‍ വൃക്ക തകരാര്‍ കണ്ടെത്താമെന്നും മൂത്രത്തില്‍ പ്രോട്ടീന്‍, രക്തം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്താനായുള്ള പരിശോധന, സെറം ക്രിയാറ്റിനിന്‍ പരിശോധന, വൃക്കയുടെ വലിപ്പവും രൂപവും നോക്കാനുള്ള വയറിന്റെ അള്‍ട്രാസോണോഗ്രാഫി സ്കാന്‍ എന്നിവയാണതെന്നും അദേഹം കൂട്ടിചേര്‍ത്തു.
വൃക്ക പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെയാണ് ഗുരുതര വൃക്ക രോഗമെന്ന് അര്‍ത്ഥമാക്കുന്നതെന്നും അവഗണിച്ചാല്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചിലപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലയ്ക്കുമെന്നും ആസ്ട്രാ സെനക്ക ഇന്ത്യ റെഗുലേറ്ററി, മെഡിക്കല്‍ അഫയേഴ്സ് വിപി ഡോ. അനില്‍ കുക്രെജ പറഞ്ഞു. ഐഎസ്എന്നുമായുള്ള സഹകരണം ഗുരുതര വൃക്ക രോഗം കുറച്ച് മരണ നിരക്ക് കുറയ്ക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണ്. ബോധവല്‍ക്കരണത്തിലൂടെ എല്ലാവര്ക്കും ആരോഗ്യമുള്ള വൃക്ക ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐഎസ്എന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കാനാകുമെന്നും നേരത്തെയുള്ള കണ്ടെത്തല്‍ വൃക്ക തകരാറിലാക്കുന്നത് തടയുമെന്നും നല്ല ആരോഗ്യം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.