ദുബായ്: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രെസന്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിം വെളിമണ്ണ. ഇന്ന് രാവിലെ 10 മണിക്ക് ഖിസൈസിലുള്ള സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ”Inspire with Aasim” എന്ന പരിപാടിയിലാണ് ആസിമിന്റെ വാക്കുകൾ നിറഞ്ഞ കൈയ്യടി ലഭിച്ചത്. ഗിന്നസ് പക്രുവുമായി നടന്ന ഒരഭിമുഖത്തിൽ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആസിമിന്റെ വീഡിയോ കാണാനിടയായ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി മുൻ കൈയെടുത്ത് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവരികയായിരുന്നു.
ക്രെസന്റ് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വേദിയെ ധന്യമാക്കിയാണ് ആസിം പിരിഞ്ഞത്. യഥാർത്ഥത്തിൽ ഒരു മനുഷ്യന് കുറവുകൾ ഉണ്ടാകുന്നത് മനസിനെ ഭയം ബാധിക്കുമ്പോൾ മാത്രമാണെന്നും അല്ലാത്ത പക്ഷം ധീരമായി ജീവിതത്തെ നേരിടുന്നവർ ആണ് പൂർണ്ണതയുള്ള മനുഷ്യൻ എന്നുമാണ് ആസിം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം. സ്വപനങ്ങൾക്ക് മുന്നിൽ ഒരിക്കൽ കാലിടറിയാൽ അതിൽ നിന്ന് പിന്മാറാതെ വീണ്ടും അതിന് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കണമെന്നും ആസിം വ്യക്തമാക്കി. സമൂഹത്തിൽ എല്ലാവർക്കും തുല്യസ്ഥാനമാണുള്ളതെന്നും ആരും മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്ന ആശയം ഉണർത്തി കൊണ്ട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ആസിം ഫൗണ്ടേഷൻ എന്ന സംഘടനയും താൻ രൂപീകരിച്ചിട്ടുണ്ടെന്നും ആസിം വിശദമാക്കി.
ചടങ്ങിൽ ക്രെസന്റ് സ്കൂൾ ചെയർമാൻ ഹാജി.എൻ.ജമാലുദ്ധീൻ, പ്രിൻസിപ്പിൾ ശറഫുദ്ധീൻ തനിക്കാട്ട്, സലാം പാപ്പിനിശ്ശേരി, മുന്ദിർ കൽപകഞ്ചേരി, ജംഷീർ വടഗിരിയിൽ, ഫർസാന അബ്ദുൽ ജബ്ബാർ, പാലക്കാട് സിസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.