ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 10 ന് ഹോളി നടത്തുമെന്ന വാഗ്ദാനം ബിജെപി പ്രവർത്തകർ പാലിച്ചു. ഇന്നത്തെ വിജയം 2024 ലെ ലോക്സഭാ വിജയത്തിന് അടിത്തറയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2017ലെ യുപി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 2019 ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കപ്പെട്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ചിന്ത ഇന്നത്തെ വിജയത്തിനും ബാധകമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് ഫലം 2022ലെ യുപി തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ കാണാൻ കഴിയും.
യുപിയിൽ ജാതി രാഷ്ട്രീയം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ് ആളുകൾ ഉത്തർപ്രദേശിനെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ 2014 മുതൽ ഇപ്പോൾ 2022 വരെ പുരോഗതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനു മാത്രമാണ് തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് ജനങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു. ജാതിക്ക് വേണ്ടിയല്ല, പുരോഗമനത്തിനാണ് യുപി വോട്ട് ചെയ്യുന്നതെന്ന് ഇതിൽപരം എന്ത് തെളിവാണ് വേണ്ടതെന്നും മോദി ചോദിച്ചു.
ഗോവയില്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യമായി തുടര്‍ഭരണം നേടുന്ന പാര്‍ട്ടിയായി ബിജെപി ചരിത്രം കുറിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുമെന്ന വാക്ക് പാലിച്ചുവെന്നും മോദി പറഞ്ഞു. പുരുഷന്മാരേക്കാള് സ്ത്രീകള്‍ വോട്ട് ചെയ്ത മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി ആവിഷ്കരിച്ച പദ്ധതികള്‍ക്കുള്ള അംഗീകാരമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ചടങ്ങില്‍ വ്യക്തമാക്കി. 2014 മുതല്‍ ജനങ്ങള്‍ ബിജെപിയെ അനുഗ്രഹിക്കുന്നു. നാല് സംസ്ഥാനങ്ങളിലും വിജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനധ്വാനം ചെയ്തു. 2024-ലെ പൊതുതിരഞ്ഞെടുപ്പ് വരെ ഈ ആവേശം തുടരണമെന്നും നഡ്ഡ പറഞ്ഞു.