തിരുവനന്തപുരം: കല്ലമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാരന്റെ ശസ്ത്രക്രിയക്ക് ഫീസ് വേണ്ടെന്ന് ഡോക്ടര്‍. ശസ്ത്രക്രിയയ്ക്ക് വിധേയമായ ഉദ്യോഗസ്ഥന്റെ ബില്ലില്‍ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ട് എന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഡോ മദന്മോഹന് എന്ന സര്ജന് ആണ് ഉദ്യോഗസ്ഥനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിത്. നാടിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചതിന്റെ ഭാഗമായി പരിക്കേറ്റ ഒരു പൊലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് അദ്ദേഹത്തിന് വേണ്ട എന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ് രംഗത്തെത്തി.
കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതിൽ ഗൗരവമായി പരിക്ക് പറ്റിയ മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അവരുടെ ചികിത്സാചിലവുകളിൽ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു അന്വേഷിച്ചതിൽ, അദ്ദേഹത്തിന്റെ പേര് ഡോ. മദൻമോഹൻ എന്നാണെന്നും, നാടിൻ്റെ സുരക്ഷയുടെ ഭാഗമായി കർത്തവ്യനിർവഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിൻ്റെ ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്.നന്ദി പ്രിയ ഡോ.മദൻമോഹൻ, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ കരുതലിന്, ചേർത്ത് നിർത്തലിന് ഹൃദയപൂർവ്വം നന്ദി