ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്താവ് രാഘവ് ചദ്ദ. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദ ഇക്കാര്യം വ്യക്തമാക്കിയത്.
“പാര്‍ട്ടിയുടെ മേല്‍ പഞ്ചാബിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്പിച്ചിരിക്കുന്നത്. ജനങ്ങളോട് തൂത്തുവാരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വാക്വം ക്ലീനര്‍ ഓണാക്കി.”-രാഘവ് ചദ്ദ പറഞ്ഞു.
പഞ്ചാബിൽ എഎപി നേടിയ അട്ടിമറി വിജയത്തിനു ശേഷം പ്രതികരണവുമായി കേജരിവാളും രംഗത്തെത്തി. “ജനങ്ങൾ പറയുന്നു കേജരിവാൾ തീവ്രവാദിയല്ല, അദ്ദേഹം രാജ്യത്തിന്റെ പുത്രനാണ്, യഥാർഥ രാജ്യസ്നേഹിയാണെന്ന്.”- ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. വിഘടനവാദി നേതാക്കളുമായി കേജരിവാളിന് അടുപ്പമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എതിരാളികൾ ആരോപിച്ചത്.
ആം ആദ്മി പാർട്ടി ഒരു പാർട്ടി മാത്രമല്ല, ഇതൊരു വിപ്ലവമാണെന്ന് എഎപി കൺവീനർ പറഞ്ഞു. ഇത് മാറ്റത്തിനുള്ള വിപ്ലവത്തിനുള്ള സമയമാണ്. എല്ലാവരോടും എഎപിയിൽ ചേരാൻ അഭ്യർഥിക്കുകയാണ്. എഎപി വെറുമൊരു പാർട്ടിയല്ല. അതൊരു വിപ്ലവത്തിന്റെ പേരാണ്.
എല്ലാ അനീതികളോടും അമർഷമുള്ളവരാണെങ്കിൽ നിങ്ങൾ എഎപിയിൽ ചേരൂ. ആദ്യം ഡൽഹിയിൽ വിപ്ലവം ഉണ്ടായി, പിന്നെ പഞ്ചാബിൽ, ഇനി അത് രാജ്യത്തേക്ക് വ്യാപിക്കും- കേജരിവാൾ പറഞ്ഞു.
പഞ്ചാബില്‍ സത്യസന്ധമായ ഭരണം കാഴ്ചവക്കുമെന്ന കാര്യം പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഉറപ്പ് നല്‍കുകയാണെന്ന് പഞ്ചാബിലെ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് പറഞ്ഞു. പക്ഷപാതം കാണിക്കില്ലെന്നും മുഖ്യമന്ത്രിയായ ആദ്യ ദിവസം തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധുരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്ഡിയേക്കാള് 60,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ഭഗവന്ത വിജയിച്ചത്.