നാല് വമ്പന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ബഹുകോണ മത്സരമാണ് ഇത്തവണ പഞ്ചാബില്‍ നടന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോഴും പ്രതീക്ഷ കൈവിടാതെ വിജയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു മറ്റ് പാര്‍ട്ടികള്‍. പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടി. ഭരണം തുടരാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു പാർട്ടി. എന്നാൽ പ്രതീക്ഷകൾ വിപരീതമായി കനത്ത പരാജയമാണ് പഞ്ചാബിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്.
അരനൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രാദേശിക പാർട്ടികളെക്കാൾ ദുർബലമാകുന്ന അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പോടെ കണ്ടത്. കേന്ദ്രത്തിൽ അധികാരമില്ലെങ്കിലും പഞ്ചാബിലെയും ഛത്തീഗ് ഗഡിലെയും രാജസ്ഥാനിലെയും ഭരണമായിരുന്നു ആകെ ഉണ്ടായിരുന്ന ആശ്വാസം. എന്നാൽ അതിൽ പഞ്ചാബ് കൈവിട്ടുപോയി. പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി തൂത്തുവാരി. രാജസ്ഥാനിൽ പടലപ്പിണക്കം മൂലം ഏതുനിമിഷവും ഭരണം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ്. കോൺഗ്രസുകാർ സമ്മതിക്കില്ലെങ്കിലും കേരളം ഉൾപ്പടെ ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ അടുത്തെങ്ങും ഒരു തിരിച്ചുവരവ് ഉണ്ടാവാത്ത അവസ്ഥയിലാണ് പാർട്ടി ഇപ്പോൾ.
ഉത്തർപ്രദേശ് ഉൾപ്പടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളാവാൻ പോലും ഇപ്പോൾ കോൺഗ്രസ് പാർട്ടിക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് ഇന്ന് ഇല്ലാതാവുകയാണ്. അതിന്റെ മുഖ്യ കാരണക്കാർ പാർട്ടി നേതൃത്വം തന്നെയാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ശക്തമായ തീരുമാനങ്ങളും തന്ത്രങ്ങളും എടുക്കാൻ കഴിവുള്ള നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് ഉണ്ടാകുന്നില്ല എന്നതാണ് അതിൽ ഏറ്റവും പ്രധാനമായുള്ളത്.
ദേശീയ തലത്തിൽ ശ്രദ്ധേയനും കരുത്തനുമായ ഒരു നേതാവില്ലെന്നതാണ് പാർട്ടി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. മോദിയോടും അമിത്ഷായോടും പൊരുതി രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ശക്തമായി മുന്നോട്ടുകൊണ്ടുപാേകാനാവില്ലെന്നാണ് അണികളിൽ ചെറുതല്ലാത്ത ഒരു വിഭാഗം കരുതുന്നത്. നേതാക്കളിൽ ഒരു വിഭാഗവും ഈ വിശ്വാസക്കാരാണ്. ഇപ്പോൾ പാർട്ടിയെ നിയന്ത്രിക്കുന്നത് ചില തത്‌പര കക്ഷികളാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പോടെയാണ് കോൺഗ്രസിന് പരാജയം ഒരു തുടർക്കഥയായത്.
കേന്ദ്രത്തിലും രണ്ട് സംസ്ഥാനത്തിലൊഴികെ മറ്റൊരിടത്തും അധികാരം ഇല്ലാത്ത അവസ്ഥയിൽ എത്തിയിട്ടും തകർച്ചയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഒരു നടപടിയും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് വിചിത്രസത്യം മാത്രം. ജനങ്ങളിൽ അധികം ചെറുതല്ലാത്ത ഒരുവിഭാഗം ഇപ്പോഴും തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ പിടിച്ചുനിർത്താനുള്ള നടപടികൾ പോലും ഉണ്ടാകുന്നില്ലെന്നതാണ് അതിലേറെ ആശ്ചര്യകരമായിരിക്കുന്നത്. പാർട്ടി നേതൃത്വം കാര്യങ്ങൾ എല്ലാം മനസിലാക്കി വരുമ്പോൾ ഇങ്ങനെയൊരു പാർട്ടി പണ്ട് ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുമോ എന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് അനുഭാവികളുടെ ഭയം.
മുഖ്യമന്ത്രി പദം പ്രതീക്ഷിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ ഒഴിവാക്കി കമൽനാഥിന് മുഖ്യമന്ത്രി പദം നൽകിയതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. അതോടെ അദ്ദേഹത്തോടൊപ്പം 22 കോൺഗ്രസ് എം എൽ എമാരും പാർട്ടി വിട്ടു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കമൽനാഥിന് രാജിവയ്‌ക്കേണ്ടിവന്നു. തുടർന്ന് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തി. ഉപകാര സ്മരണയ്ക്കായി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്രമന്ത്രി പദവിയും നൽകി. കോൺഗ്രസ് ഇപ്പോൾ സംസ്ഥാനത്ത് തീരെ ദുർബലമായ അവസ്ഥയിലാണ്. രാജസ്ഥാനിലും സച്ചിൻ പൈലറ്റ് പിണക്കത്തിലാണ്. മോഹന വാഗ്ദ്ധാനങ്ങളുമായി ബിജെപി പിന്നാലെ ഉണ്ടെങ്കിലും അദ്ദേഹം അടുക്കുന്ന ലക്ഷണമില്ല. എന്നിരുന്നാലും അദ്ദേഹം എത്രനാൾ ഇങ്ങനെ തുടരും എന്നതിന് യാതൊരു ഉറപ്പുമില്ല.
ഉത്തർപ്രദേശിൽ നിരവധി ആളുകളാണ് ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലും എസ്പിയിലും ചേക്കേറിയത്. ഇതിൽ കൂടുതൽ ആളുകളും രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരും കാര്യമായ ജനസ്വാധീനമുള്ളവരുമായിരുന്നു. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടും നിസംഗ മനോഭാവമായിരുന്നു രാഹുൽ ഗാന്ധി ഉൾപ്പടെയുളള നേതാക്കൾ എടുത്തിരുന്നത് എന്ന് പാർട്ടി വിട്ട നേതാക്കൾ പറയുന്നു. എന്നാൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലാത്ത പഞ്ചാബിൽ സിദ്ദുവിനുവേണ്ടിയാണ് എല്ലാം തകർത്തത്. അത് കോൺഗ്രസിന്റെ പഞ്ചാബ് ഭരണം തകർക്കാനും കാരണമായി. പ്രമുഖ നേതാക്കളുൾപ്പടെയുള്ളവരെ ജനങ്ങൾ മൂന്നാം സ്ഥാനത്തേക്ക് മാറ്റിനിർത്തി.
അതെസമയം തന്നെ, അധികാരം ഇല്ലെങ്കിലും തമ്മിൽ തല്ലിന് യാതൊരു കുറവും പാർട്ടിക്കുള്ളിൽ ഇല്ല. അത് കേരളത്തിലായാലും ഒരു മാറ്റവുമില്ല. പാർട്ടിക്കുള്ളിൽ തന്നെ പല അഭിപ്രായങ്ങളും ചേരിതിരിവുകളുമാണ്. അത് തുറന്നു കാട്ടുന്നതാണ് കേരളത്തിലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണം പിടിക്കാൻ കോൺഗ്രസിന് ഏറെ അനുകൂല സാഹചര്യമായിരുന്നു. എന്നിട്ടും ഭരണം പിടിക്കാം കോൺഗ്രസിന് കഴിഞ്ഞില്ല. അതോടെ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയിലൂടെ സിപിഎം വീണ്ടും അധികാരത്തിലെത്തി. എന്നാൽ അപ്പോഴും എന്തുകൊണ്ടാണ് ജനങ്ങൾ തങ്ങളെ കൈവിട്ടതെന്ന് മനസിലാക്കാൻ പാർട്ടിക്കായില്ല. പാർട്ടി ശ്രമിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. പ്രതിപക്ഷ നേതാവ് നിർണയത്തിൽ പോലും തമ്മിൽ തല്ലായിരുന്നു. പാർട്ടി അദ്ധ്യക്ഷ സ്ഥാനം, പുനസംഘടന, കെപിസിസി തുടങ്ങി പലതയാളത്തിലും പ്രശ്നങ്ങളായിരുന്നു. അതിന് ഇപ്പോഴും കുറവില്ല.
2019 ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയാണ് ഇപ്പോഴും കോണ്‍ഗ്രസില്‍ അന്തിമ തീരുമാനങ്ങളെടുക്കുന്നത്. കൂട്ടിന് സഹോദരി പ്രിയങ്കയും. കേരളത്തില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലും രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് മുഖ്യമന്തിയായി തുടരുന്നതിലും പഞ്ചാബില്‍ അമരിന്ദറിനു പകരം ചന്നി വരുന്നതിലും അവസാന വാക്ക് രാഹുലിന്റേതാണ്. രാഹുൽ ഗാന്ധിയാണ് ഈ തോൽവിക്ക് കാരണമെന്ന് അണികളടക്കം അഭിപ്രായപ്പെടുന്നു. എന്നാൽ കോൺഗ്രസിനുള്ളിൽ നടക്കുന്നത് എന്താണ്. കളമൊഴിയുകയാണോ കോൺഗ്രസ് പാർട്ടി? ഇപ്പോഴും അധികം ചെറുതല്ലാത്ത ഒരുവിഭാഗം പാർട്ടിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ പിടിച്ചുനിർത്താൻ ഇനിയും കോൺഗ്രസിന് ആയില്ല എങ്കിൽ അത് പാർട്ടിയുടെ അധപധനത്തിന് കാരണമാകും. വരും തലമുറകളോട് ഇങ്ങനെയൊരു പാർട്ടി പണ്ട് ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ് പാർട്ടി മാറാതിരിക്കട്ടെ…