അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വമ്പൻ പരാജയം കേരളത്തിലെ കോൺഗ്രസ് നേതാക്കളേയും അണികളേയും നിരാശരാക്കി. ഫലം പുറത്തുവന്നതോടെ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മ്ലാനത പരന്നു. ചരിത്രത്തിലെ വൻ തിരിച്ചടിയുടെ ആഘാതത്തിൽ വിഷണ്ണരായി പല നേതാക്കളും പ്രവർത്തകരും അവിടെ നിന്ന് സ്ഥലം വിട്ടു.പഞ്ചാബിൽ ഭരണം നിലനിർത്തുമെന്നും ഗോവ, ഉത്തരാഘണ്ഡ് എന്നിവിടങ്ങളിൽ ഭരണം പിടിക്കുമെന്നും യുപിയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ഹൈക്കമാന്റ് ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കേരള നേതാക്കളെ അറിയിച്ചതും ഇതായിരുന്നു. സഹോദരി പ്രിയങ്ക സ്യഷ്ടിച്ച തരംഗം
യുപിയിൽ അട്ടിമറി ഉണ്ടാക്കുമെന്ന് രാഹുൽ പറഞ്ഞിരുന്നത്രെ.ഏതായാലും കോൺഗ്രസിന്റെ തിരിച്ചു വരവ് ആഘോഷിക്കാൻ കെ പി സി സി തയ്യാറെടുപ്പും നടത്തിയിരുന്നു. മണ്ഡലാടിസ്ഥാനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഫലം വന്നതോടെ
പാർട്ടിക്കുണ്ടായ വൻ തകർച്ച നേതാക്കളേയും പ്രവർത്തകരെയും അമ്പരപ്പിച്ചു കളഞ്ഞു.
നെഹ്റു മുതൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് ഹൃദയഭൂമിയായ UP യിൽ പൂർണമായി കോൺഗ്രസ് തകർന്നു.
പ്രിയങ്കയേയും രാഹുൽ ഗാന്ധിയേയും ഉയർത്തി കാട്ടി ഇനി എത്ര കാലം മുന്നോട്ട് പോകാനാവും എന്ന ചോദ്യവും ഉയരുകയാണ്. ദേശീയ നേതൃത്വത്തിന്റെ കഴിവുകേടിനെതിരെ പ്രതികരിക്കാനാവത്ത അവസ്ഥയും KPCC യെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ തോൽവി യുഡിഎഫ് ഘടക കക്ഷികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. തമ്മിലടിച്ച് തകരുന്ന കോൺഗ്രസിനൊപ്പം നിൽക്കണോ എന്ന ചോദ്യവും ശക്തമാകും. ആർ എസ് പി, ലീഗ് തുടങ്ങിയ പാർട്ടികളിലെ ചലനങ്ങൾ ശക്തിപ്പെടുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്.
അതിനിടെ ദേശീയ തലത്തിൽ കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറി സംസ്ഥാനത്തും ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.ദേശീയ തലത്തിൽ ചില നേതാക്കൾ ബി ജെ പി യിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുണ്ട്. ആ വഴിക്ക് ചിന്തിക്കുന്ന നേതാക്കൾ ഇവിടേയും ഉണ്ടെന്ന് കോൺഗ്രസിൽ തന്നെ സംസാരമുണ്ട്