തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് (Varakala Fire) മരിച്ച അഞ്ച് പേരുടേയും സംസ്ക്കാരം വെള്ളിയാഴ്ച നടക്കും. മരിച്ച അഭിരാമിയുടെ അച്ഛൻ ലണ്ടനിൽ നിന്ന് ഇന്ന് രാത്രിയെത്തും. അഞ്ച് പേരുടേയും സംസ്കാരം അപകടം നടന്ന വീട്ടുവളപ്പിലാണ് നടക്കുന്നത്. തീപിടുത്തത്തിൽ വീട്ടുടമസ്ഥൻ പ്രതാപന്റെ ഭാര്യ ഷേർളി, മരുമകൾ അഭിരാമി, മകൻ അഖിൻ, എട്ട് മാസം പ്രായമായ കൊച്ചുമകൻ എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകാണ്. ഫോറൻസിക് പരിശോധനയുടെ പ്രാഥമികവിവരം ഇന്ന് കിട്ടും.
വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്ന് പരിശോധിക്കും. വർക്കലയിൽ വീട്ടിലേക്ക് തീപടർന്നത് കാർപോർച്ചിലെ സ്വിച്ച് ബോർഡിൽ നിന്നാണെന്നുള്ള വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. സ്വിച്ച് ബോർഡിലുണ്ടായ തീപ്പൊരി പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.
തുടർന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. തീപ്പിടിത്തത്തിൽ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെ രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപ്പിടത്തമുണ്ടായ വർക്കല അയന്തിയിലെ രാഹുൽ നിവാസിലെത്തി മീറ്റർ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാണ്