റഷ്യൻ അധിനിവേശം രണ്ടാഴ്ച പിന്നിട്ട യുക്രെയ്നിൽ ജനജീവിതം നരകതുല്യമായി. ഭക്ഷണവും വെള്ളവും ഔഷധവുമില്ലാതെ വലയുകയാണ് ജനം. വിവിധ നഗരങ്ങളിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. കിയവിന് നേർക്കുള്ള നീക്കം കഴിഞ്ഞ മണിക്കൂറുകളിൽ കടുപ്പിച്ചതായി സൂചനയുണ്ട്. കിയവിന്റെ പ്രാന്തത്തിലുള്ള അന്റോണോവ് വിമാനത്താവളത്തിന് സമീപം പൊരിഞ്ഞ പോരാട്ടം നടക്കുകയാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിന് നേർക്ക് ആക്രമണം തുടരുകയാണ്. റഷ്യൻ വ്യോമസേനക്ക് യുക്രെയ്നുമേൽ നിയന്ത്രണം (വ്യോമ നിരോധിത മേഖല) ഏർപ്പെടുത്തണമെന്ന ആവശ്യം പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വീണ്ടും ഉന്നയിച്ചു. വ്യോമ നിരോധിത മേഖല നടപ്പാക്കുന്നില്ലെങ്കിൽ യുക്രെയ്ന് സംഭവിക്കുന്ന മാനുഷിക ദുരന്തത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ അംഗത്വത്തിന് ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
















