ന്യൂഡൽഹി;അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്.ബിജെപി, കോണ്ഗ്രസ്, സമാജ്വാദി, ആം ആദ്മി, ബിഎസ്പി, അകാലിദൾ തുടങ്ങിയ പാർട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുന്നതാകും ജനവിധി.രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും. മണിക്കൂറുകൾക്കകം സൂചനകൾ വ്യക്തമാകും. വോട്ടെണ്ണലിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വേണ്ട മുൻകരുതലുകളോടെയാണു വോട്ടെണ്ണൽ. കേന്ദ്രസേന അടക്കം കർക്കശ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതി കഴിഞ്ഞു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബി.ജെ.പിയുടെ ശക്തി ദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി.