തിരുവനന്തപുരം;വിവിധ ബഹുജന സംഘടനകളുടെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനത്താരംഭിക്കുന്ന ‘ഏകലോകം ഏകാരോഗ്യം’ ക്യാമ്പയിൻ്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കെ.ജി.ഒ.എ ഹാളിൽ ബഹു: കൃഷിവകുപ്പ്മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുക എന്നതാണ് വികസനത്തിൻ്റെ അടിസ്ഥാനം. അല്ലാതെ മനുഷ്യന്റെ ആർത്തിയെ തൃപ്തിപ്പെടുത്തലല്ല. ജീവിതത്തിലെ ഏറ്റവും വലിയ ധനം ആരോഗ്യമാണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. എന്നാൽ ഇന്ന് ആരോഗ്യ മേഖല വലിയ കച്ചവടത്തിൻ്റെ മേഖലയാണ്. ഒരു വിഭാഗത്തിൻ്റെ വലിയ വരുമാന സ്രോതസ്സാണ് അത്.
എന്നാൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും ബാധ്യതയും ഉത്തരവാദിത്തവുമാണ്; ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണം ആരോഗ്യത്തിൻ്റെ ഉറവിടമാണെന്ന ധാരണയാണ് നമുക്കുണ്ടായിരുന്നത്. എന്നാൽ ഇന്ന് ഭക്ഷണം അനാരോഗ്യത്തിലേക്കുള്ള വഴിയാണ് തുറക്കുന്നത്. ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഒരു സാക്ഷരതയുമില്ലാത്ത ജീവിയാണ് മനുഷ്യനെന്ന് പറയേണ്ടി വരും. പുതിയ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിത ബോധങ്ങളെയും ശൈലിയേയും നവീകരിക്കേണ്ടതുണ്ട്.
പ്രകൃതിയിൽ നിന്ന് വേറിട്ട് ആരെയും പ്രതിഷ്ഠിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.അനിഷ്. ടി.എസ് ഏകലോകം ഏകരോഗ്യം സങ്കല്പനം വിശദീകരിച്ചു. എഫ്.എസ്.ഈ.ടി.ഒ സംസ്ഥാന ട്രഷർ ഡോ.എസ്.ആർ.മോഹനചന്ദ്രൻ പ്രതികരിച്ചു കൊണ്ട് സംസാരിച്ചു.ഈ യോഗത്തിൽ വിവിധ ബഹുജന സർവീസ് സംഘടന പ്രതിനിധി സംഘാടക സമിതി ജനറൽ കൺവീനർ ജി.ഷിംജി സ്വാഗതവും ശാസ്ത്രസാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ആർ.മല്ലിക നന്ദിയും പറഞ്ഞു.