തൃശൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും ഗോത്ര വനിതകൾക്കുമായ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി അസ്ഥി ബലക്ഷയം, സ്ഥാനാർബുദ നിർണ്ണയം, രക്ത സമ്മർദ്ദം എന്നി പരിശോധനകളും നടത്തി. ക്യാമ്പിൽ 60 ൽ അധികം പൊലീസുദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ആദിത്യ ആർ ഐപിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് വി. കെ. രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജി പി. ബി., അപർണ്ണ ലവകുമാർ എന്നിവർ സംസാരിച്ചു.
ആതിരപ്പള്ളി മേഖലയിൽ നിന്നുള്ള ഗോത്ര വനിതകൾക്കായി ഔഷധ സസ്യ കൃഷിയുടെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ശില്പ്പശാലയും സംഘടിപ്പിച്ചു. ആതിരപ്പള്ളിയിൽ നിന്ന് ഇവരെ മണ്ണുത്തിയിലെ കാർഷിക സർവ്വകലാശാലയിലെത്തിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ ഒരുക്കിയ യാത്ര ചാലക്കുടി ഡിപ്പോയിൽ നിന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എസ്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസിന്റെ സാന്നിധ്യത്തിൽ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഇസാഫ് ഹെഡ് ഓഫീസിൽ ഇവർക്കായി വൈദ്യ പരിശോധനയും സംഘടിപ്പിച്ചു.
ഇസാഫിലെ വനിതകൾക്കായി സംഘടിപ്പിച്ച വെബിനാറിന് പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധയും നാഗ്പ്പൂർ ഹിസ് ലോപ് കോളെജ് മുൻ പ്രിൻസിപ്പലുമായ ഡോ. ദീപ്തി ക്രിസ്റ്റ്യൻ നേതൃത്വം നല്കി. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് വെബിനാർ ഉദ്ഘാടനം ചെയ്തു. വനിതാദിന പാനൽ ചർച്ചയിൽ ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഇസാഫ് കോ ഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ്ജ്, ഇസാഫ് ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് മാല നായർ എന്നിവർ പങ്കെടുത്തു.