ജനിതകമാറ്റം വരുത്തിയ പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തി ഡേവിഡ് ബെന്നറ്റ് അന്തരിച്ചു. രണ്ട് മാസം മുമ്പായിരുന്നു പന്നിയുടെ ഹൃദയം ബെന്നറ്റ് സ്വീകരിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് നിർണായക ചുവടുവെപ്പായിട്ടായിരുന്നു മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്.
അമേരിക്കയിലെ മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. മാറ്റി വച്ച ഹൃദയവുമായി മാരകമായ ഹൃദ്രോഗത്തെ രണ്ട് മാസത്തോളം അതിജീവിച്ചെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ നില മോശമായി. തുടര്‍ന്ന് ചൊവ്വാഴ്ച മരണമുണ്ടായതായി ബാള്‍ട്ടിമോറിലെ അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഹൃദയശസ്ത്രക്രിയയിലെ ആധുനിക നേട്ടമായി ശാസ്ത്രലോകം വിലയിരുത്തിയതാണ് ഈ ചികിത്സ. ജനിതകമാറ്റം വരുത്തി വളര്‍ത്തിയ പന്നിയുടെ ഹൃദയമാണ് പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ വച്ചു പിടിപ്പിച്ചത്. യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഈ ചികിത്സനടത്തിയത്. യു എസ് മെഡിക്കല്‍ റെഗുലേറ്റര്‍ പ്രത്യേക അനുമതി ലഭിച്ചിരുന്നു.
ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.