അബുദാബി∙ ഇന്ധന വില വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. കുവൈത്തിലെ ജസീറ എയർവെയ്സാണ് നിരക്കു വർധനയ്ക്കു തുടക്കമിട്ടത്. ജിസിസി, അറബ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് (3 മണിക്കൂറിൽ കുറവുള്ള സെക്ടറിൽ) ഇന്നലെ മുതൽ നിരക്കിൽ 5 ദിനാർ (1267 രൂപ) കൂടി.
3 മണിക്കൂർ കൂടുതൽ യാത്രാ ദൈർഘ്യമുള്ള സെക്ടറുകളിലേക്ക് 10 ദിനാർ (2535 രൂപ) വർധിച്ചു. മറ്റ് എയർലൈനുകളും നിരക്കു കൂട്ടാനുള്ള ഒരുക്കത്തിലാണ്. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള നിരക്കു വർധന ഇതിനു പുറമെയുണ്ടാകും. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതിവാതക വില ഗണ്യമായി വർധിച്ചു.
വിമാന ഇന്ധന വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57% ശതമാനത്തിലധികം ഉയർന്നു. ജൂൺ വരെ മാസത്തിൽ 7% കൂടുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിമാന നിരക്കിലും മാറ്റമുണ്ടാകും. ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി ബാരലിന് 130 ഡോളർ ആയി. വില ഇനിയും ഉയരുമെന്നാണ് സൂചന.