ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ വ്യായാമം ചെയ്യുന്നത് വളരെ അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും വഴക്കം മെച്ചപ്പെടുത്താനും ചില രോഗസാധ്യത കുറയ്ക്കാനും വ്യായാമം നമ്മെ സഹായിക്കുന്നു. പക്ഷെ സ്ത്രീകൾ അമിതവ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
അമിതമായി വ്യായാമം ചെയ്യുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും. അമിതമായി വ്യായാമം ചെയ്യുന്നത് സ്ത്രീകളിൽ പ്രത്യുൽപാദനക്ഷമതയെ ബാധിക്കാമെന്നാണ് പഠനങ്ങൾ ഇപ്പോൾ പറയുന്നത്. ‘Maternal physical and sedentary activities about reproductive outcomes following IVF’ എന്ന ഗവേഷണത്തിലാണ് ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്.
സ്ത്രീകൾ അമിതമായി വ്യായാമം ചെയ്യുന്നത് അവരുടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കും. ആഴ്ചയിൽ ഏഴ് മണിക്കൂറിലധികം എയ്റോബിക്സ് ചെയ്യുന്നത് അണ്ഡോത്പാദന പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്.
ബോഡി മാസ് ഇൻഡക്സ് കൂടുതലുള്ള സ്ത്രീകൾക്ക് കഠിനമായ വ്യായാമം വന്ധ്യതയ്ക്ക് കാരണമാകാനും സാധ്യത ഉണ്ട്. അമിതമായ വ്യായാമം ‘ഇൻ വിട്രോ ഫെർട്ടിലൈസേഷ’ന്റെ (IVF) വിജയ നിരക്ക് കുറയ്ക്കും. കഠിനമായ ഭാരം എടുക്കുന്നത് അടിവയറ്റിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് അണ്ഡാശയത്തിൽ ആന്തരിക പരിക്കുകൾ ഉണ്ടാകാനും കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.