ന്യൂഡൽഹി;അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പ് ഫലമാണ് നാളെ പ്രഖ്യാപിക്കുക. അഞ്ച് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ചില പോളുകൾ ഉത്തരാഖണ്ഡിൽ ബിജെപിക്കു നേരിയ മുൻതൂക്കം പ്രവചിക്കുന്നു.
അതേസമയം 2024ല് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം സത്യമായാൽ അഞ്ച് നദികളുടെ നാടിന്റെ ഹൃദയം ഇക്കുറി ആം ആദ്മി പാർട്ടിക്ക് ഒപ്പമായിരിക്കും. കൊളോണിയൽ കാലത്തിന്റെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിന്റെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങൾ തൂക്കു മന്ത്രിസഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്