കൊച്ചി: ദീര്‍ഘകാല വൃക്ക രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കിടയിലെ അനീമിയാ ചികില്‍സാ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന രീതിയില്‍ സൈഡസ് ലൈഫ്സയന്‍സസ് അവതരിപ്പിച്ച ടാബ് ലെറ്റായ ഓക്സീമിയയ്ക്ക് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വായിലൂടെ കഴിക്കുന്ന ഗുളിക ഈ ചികില്‍സയ്ക്കായി അവതരിപ്പിക്കുന്നത്. ഡയാലിസിസ് നടത്തുന്നതും അല്ലാത്തതുമായ രോഗികള്‍ക്ക് ഇതു ഗുണകരമാണ്.
കൂടുതല്‍ മികച്ച രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതിന്റെ ആവശ്യകതയാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്ന തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ക്കു പിന്നിലെന്ന് സൈഡസ് ലൈഫ് സയന്‍സസ് ചെയര്മാന് പങ്കജ് ആര് പട്ടേല്‍ പറഞ്ഞു. ഇപ്പോള്‍ ലഭ്യമായ ഇന്‍ജക്ട് ചെയ്യുന്ന ഇഎസ്എകളുടെ സ്ഥാനത്ത് വായിലൂടെ നല്കാവുന്ന ബദലിന് സാധ്യതയുണ്ടായിരുന്നു. ഒരു ദശാബ്ദത്തിലേറെ നടത്തിയ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഓക്സീമിയ അവതരിപ്പിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 11.51 കോടി ജനങ്ങളിലാണ് സികെഡി എന്നറിയിപ്പെടുന്ന ദീര്‍ഘകാല വൃക്ക രോഗങ്ങള്‍ റിപോര്‍ട്ടു ചെയ്തിട്ടുള്ളത്. ചൈനയില്‍ 13.2 കോടി പേരിലും അമേരിക്കയില്‍ 3.8 കോടി പേരിലും ഇതു റിപോര്‍ട്ടു ചെയ്തിട്ടുണ്ട്.