ഇസ്ലാമാബാദ്: 24 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ചാണു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. രാജിവയ്ക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
“24 മണിക്കൂറിനുള്ളിൽ രാജിവച്ച് ഞങ്ങളെ തിരഞ്ഞെടുപ്പിൽ നേരിടുക,അല്ലെങ്കിൽ അവിശ്വാസ പ്രമേയത്തിനു തയ്യാറാവുക.” കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പിപിപി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി തലസ്ഥാനമായ ഇസ്ലാമാബാദിന് പുറത്ത് നടന്ന റാലിയിൽ പറഞ്ഞു.
വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നിലനിർത്തുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വർഷം നടന്ന വിശ്വാസ വോട്ടെടുപ്പിൽ ആറ് വോട്ടുകൾക്കാണ് ഖാൻ വിജയിച്ചത്.
2023ഓടെയാണ് പാകിസ്ഥാനിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ്.