കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ റോയ് വയലാറ്റിന്റെ വീട്ടില്‍ റെയ്ഡ്. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അല്പ സമയം മുന്‍പ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റോയിയുടെ ഇടക്കൊച്ചിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
റോയിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞെന്നാണ് പൊലീസ് കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കിയത്.
കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം കോടതി തള്ളി. പക്ഷെ , കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി.
ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മറ്റ് തെളിവുകളും വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയതെന്നും കോടതി വ്യക്തമാക്കി.