തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ നെടുമങ്ങാട് സ്വദേശി ഗായത്രിയെ (25) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ഫോർട്ട് അസി.കമ്മിഷണർക്ക് കൈമാറുമെന്ന് റിപ്പോർട്ടുകൾ. യുവതി പട്ടികവിഭാഗത്തിൽപ്പെട്ടതായതിനാൽ എസ്.സി – എസ്.ടി ആക്ട് പ്രകാരമാണ് കേസിന്റെ അന്വേഷണം കൈമാറുന്നത്. അതേസമയം, കേസിൽ പിടിയിലായ പ്രതി പ്രവീണിനെ റിമാൻഡ് ചെയ്തു.
കൊലപാതകം സമ്മതിച്ച പ്രതി പ്രവീൺ ചോദ്യംചെയ്യലിൽ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമായി ബന്ധപ്പെടുത്തി പ്രവീണിന്റെ മൊഴികൾ ശരിയാണോയെന്ന് പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി ഫോൺകാൾ വിശദാംശങ്ങൾ, സി.സി ടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.