അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലീസ് വകുപ്പിലെ നാല് വനിതാ ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ ആനി.എസ്.പി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് നൈസി.കെ.എല്‍, തൃശൂര്‍ ഡി.എച്ച്.ക്യു ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു.കെ.പി, പോലീസ് സ്പോര്‍ട്സ് ടീം ഹവില്‍ദാര്‍ അലീന ജോസ് എന്നിവര്‍ക്കാണ് പുരസ്കാരം സമ്മാനിച്ചത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനടന്ന ചടങ്ങില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്ക് എടുത്തു.
പ്രതികൂല ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി കേരളാ പോലീസില്‍ സബ്ബ് ഇന്‍സ്പെക്ടറായി ജോലി നേടിയ ആളാണ് ആനി.എസ്.പി. 2014 ല്‍ സബ് ഇന്‍സ്പെക്ടര്‍ ആകാനുളള പരീക്ഷ എഴുതിയെങ്കിലും ഫലത്തിന് കാത്തുനില്‍ക്കാതെ രണ്ടുവര്‍ഷത്തിനുശേഷം കോണ്‍സ്റ്റബിളായി സേനയില്‍ ചേര്‍ന്നു. 2019 ലാണ് സബ്ബ് ഇന്‍സ്പെക്ടറായി നിയമനം ലഭിച്ചത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ നൈസി.കെ.എല്‍ അറിയപ്പെടുന്ന കായികതാരമാണ്. ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ബഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ഇവര്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഏഷ്യ എന്ന ബഹുമതിയും കരസ്ഥമാക്കി. വരുന്ന മെയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നൈസി.കെ.എല്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.
സമൂഹത്തില്‍ ആലംബമറ്റവര്‍ക്ക് എന്നും ആശ്വാസമാണ് തൃശൂരിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ബിന്ദു.കെ.പി. പലകാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍, അതിജീവിതര്‍ എന്നിവരെ കണ്ടെത്തി മാനസികപിന്തുണ നല്കി ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സദാ സന്നദ്ധയാണ് ഇവര്‍. സുഹൃത്തുക്കളുടെ സഹായത്തോടെ നിര്‍ധനകുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കല്‍, കുട്ടികള്‍ക്ക് പഠനസഹായം എത്തിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്തുവരുന്നു.
തിരുവനന്തപുരത്ത് നടന്ന ആദ്യത്തെ ദേശീയ ജംപ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കായികതാരമാണ് കേരളാ പോലീസ് സ്പോര്‍ട്സ് ടീമിലെ അലീന ജോസ്. കോഴിക്കോട് നടന്ന സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടി.