ആരാലും ഇറക്കി വിടാൻ സാധിക്കാതെ സ്വന്തമായ ഒരിടമുള്ളവർ തന്നെയാണ് ലോകത്തിലെ ഏറ്റവും സമ്പന്നർ. നിസ്സഹായതയോടെ ഓരോ പകലും രാത്രിയും തള്ളി നീക്കുന്ന എത്ര മനുഷ്യരുണ്ടാകും നമുക്ക് ചുറ്റും? നാളെയെന്തെന്നോർക്കാതെ ആർക്കൊക്കെയോ വേണ്ടി ജീവിതം ബലിയാടാക്കുന്നവർ. സ്നേഹമോ കരുതലോ ലഭിക്കാതെ സ്വന്തക്കാരാൽ അന്യരായി പോയവർ. അവസാനം വരെ കാളയെ പോൽ പണിതിട്ടും ഒരു തണുത്ത കൈത്തലം നീട്ടനൊരാളില്ലല്ലോ എന്ന് വേവലാതിപ്പെടുന്ന എത്ര പേരുണ്ടാകും??
വിവാഹശേഷം വർഷങ്ങളൊരുപാട് കടന്ന് പോയെങ്കിലും ഏത് നിമിഷവും ഉൾക്കിടിലത്തോടെ കഴിഞ്ഞു കൂടുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ നിങ്ങൾ. അവരുടെ ഇടനെഞ്ചിലെപ്പോഴും ഒരു അഗ്നികുണ്ഡമാളുന്നുണ്ടാവും. ഏത് സമയവും ഇവിടം തനിക്കന്യമാവാമെന്ന ബോധ്യത്തോടെ ഭയവിഹ്വലതയോടെ താണുകേണ് ഓച്ഛാനിച്ചു, പഞ്ച പുച്ഛമടക്കി ആശ്രിത വേല ചെയ്യാൻ നിസ്സഹായരായ സ്ത്രീകൾക്കല്ലാതെ മറ്റാർക്കാണാവുക…?
മിണ്ടാതിരുന്നവർ സ്വഭാവ ഗുണങ്ങളും സുവിശേഷങ്ങളും ഒത്തിണ ങ്ങിയിട്ടുള്ളവരാവുമ്പോൾ. പ്രതികരിക്കുന്ന, സ്വന്തമായി നിലപാടുകളുള്ള ഒരുവൾ സമൂഹത്തിനു മുൻപിൽ അഹങ്കാരിയെന്ന് മുദ്ര ചാർത്തപ്പെട്ടവളായിരിക്കും. തന്റെ കണ്ണുകൾക്ക് നേരെ നീളുന്ന ചൂണ്ടുവിരൽ. മുഖത്തേക്ക് നീളുന്ന മുഷ്ടിയും കടന്ന് വരുന്നവളെ, ഭയമില്ലാത്തവളെ ഓമനിച്ചു വിളിക്കുന്ന പേര് തന്നിഷ്ടക്കാരിയെന്നാണ്.
ഒരിക്കലും പുറത്തു കടക്കാനാവാതെ ബന്ധങ്ങളുടെ ചങ്ങലക്കെട്ടിൽ കിടന്ന് മാറ്റാർക്കൊക്കെയോ വേണ്ടി അവരുടെ ഇഷ്ടങ്ങൾ മാറ്റിവെക്കുന്നവൾ അവളെയാണ് സമൂഹത്തിനാവശ്യം. നാല് പെൺകുട്ടികൾ കൂടിയിരിക്കുമ്പോൾ ഒരിത്തിരി പരിഗണന അത് മതിയെന്ന് പറഞ്ഞു കണ്ണ് ചുവപ്പിക്കുന്ന ഒരുവളുണ്ടാകും. സ്വന്തം സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും മാറ്റിവച്ചുള്ള ജീവിതത്തിൽ നീ തൃപ്തയാണോ എന്ന ചോദ്യത്തിൽ ഒരു പൊട്ടിക്കരച്ചിൽ ആയിരിക്കും അവളുടെ മറുപടി.
പുറത്തിറങ്ങാനോ തന്റെതായ ഇടങ്ങളും അവസരങ്ങളും ലോകത്തുണ്ടെന്ന് മനസ്സിലാക്കുകയോ ചെയ്യാതെ അതി ദാരുണമായി ഇഞ്ചിഞ്ചായി അടുക്കളയിൽ കരിയിൽ ശ്വാസം കിട്ടാതെ കൊല്ലപ്പെടുന്നവർ. പുറത്തിറങ്ങുന്നവളെ വരുതിയിലാക്കാൻ ഒരേയൊരു വാക്ക് മതി… “പോകുന്നതൊക്കെ കൊള്ളാം തിരിച്ചു ഈ വീട്ടിലേക്ക്,എന്റെ ജീവിതത്തിലേക്ക് കടന്ന് വരരുതെന്ന് “ഭീഷണി.
അതേ സമയമാണ് അവളോർക്കുക, ഏതാണ് തന്റെ വീടെന്ന്. കുഞ്ഞുനാളിൽ പുതിയ വീടെടുത്തപ്പോൾ അനിയന്റെ ഒച്ചപ്പാടിനിടയിലും അവൾ സ്വന്തമാക്കിയ റൂം, അവളിറങ്ങിയ പാടെ അവന്റേതായി മാറിയിരുന്നു. കയറി ചെന്ന വീട്ടിൽ,ആരാന്റെ വീടെന്ന് ചെറുപ്പം മുതലേ കേട്ട് തഴമ്പിച്ച അതേ വീട്ടിൽ, കയറി ചെന്നത് പക്ഷേ സ്വന്തം വീടെന്നചിന്തയോടെ തന്നെയായിരുന്നു.
പിന്നീട് വിയർപ്പും സ്വപ്നവും ചേർത്ത് വച്ചു ഒരു കുഞ്ഞു വീട് തങ്ങൾ സ്വന്തമാക്കിയപ്പോൾ അവിടത്തെ എല്ലാം തന്റേതെന്ന് അവൾ തെറ്റിദ്ധരിച്ചു. തേച്ചു മിനുക്കിയും അലങ്കരിച്ചും ഏറ്റവും ലാളിത്യത്തോടെ അവൾ ഓമനിച്ചു കൊണ്ട് നടന്ന വീട് അവൾക്കന്യമായത് മുപ്പതുകൾക്ക് ശേഷം മറ്റുള്ളവർക്കായി പങ്കു വച്ച ജീവിതത്തിന്റെ അവസാനത്തെ അവശിഷ്ടവുമായി തന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി പുറത്തിറങ്ങിയപ്പോഴാണ്. അവൾ കേട്ടത് കടക്ക് പുറത്തെന്ന ധാർഷ്ട്യമാണ്. ഒരു പെണ്ണിനെ നിലക്ക് നിർത്താൻ കാലങ്ങളായി അവൾക്ക് മേൽ അധിപത്യം സ്ഥാപിച്ചെന്ന് മേനി നടിക്കുന്നവർ ഉപയോഗിക്കുന്ന വാക്ക്.
കടക്ക് പുറത്തെന്ന ഭീഷണിയുടെ, അതിന്റെ രൗദ്ര ഭാവത്തെയോർത്തു എത്ര പെൺകുട്ടികളാണ് സന്തുഷ്ടയല്ലാതെ, ഭീകരമായ തന്റെ വിധിയെ പഴിച്ചു അടിമകളെ പോൽ കഴിഞ്ഞു കൂടുന്നത്. തൻ പകുത്തു നൽകിയ സ്നേഹം, താൻ ജന്മം നൽകിയ മക്കൾ. തന്റേത് മാത്രമായ അടയാളങ്ങൾ പതിപ്പിച്ചയിടങ്ങൾ. ഒരു കുടുംബത്തിനായി അവിടത്തെ ഓരോ അംഗങ്ങൾക്കുമായി അവൾ മാറ്റിവച്ച സമയം ഇതൊക്കെയും വൃഥാവിലാണെന്നാണോ…??
ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്നെന്ന് കേട്ട് ഞെട്ടിത്തരിച്ചിരിക്കുന്ന എത്ര പെൺകുട്ടികളുണ്ടാകാം. കയറിച്ചെല്ലാനിടമില്ലാത്ത, സ്വന്തമെന്ന് പറഞ്ഞു കൈനീട്ടാൻ ഒരൊറ്റ ജീവനുമില്ലാത്തവർ എങ്ങിനെയായിരിക്കും ജീവിതത്തിന്റെ അവസാനഭാഗത്തെ അതിജീവിച്ചിട്ടുണ്ടായിരിക്കുക.
ആലോചിച്ചു നോക്കിയിട്ടുണ്ടോ…?
ആംഗലേയ എഴുത്തുകാരി വിർജിനിയ വൂൾഫ് റൂം ഓഫ് വൺസ് ഔൺ – ൽ പറയുന്നുണ്ട് ഒരു സ്ത്രീക്ക് അവളുടെ കഴിവുകൾ കൃത്യമായി പുറത്തെത്തിക്കണമെങ്കിൽ അവൾ സാമ്പത്തികപര്യാപ്തത കൈവരിക്കണം. അവൾക്ക് സ്വന്തമായി ഒരു റൂമുണ്ടായിരിക്കുകയും വേണം. കാലാകാലങ്ങളായി സമൂഹം കൃത്യമായി അവളിൽ നിന്ന് ബുദ്ധിപൂർവം ഈ കാര്യങ്ങളെല്ലാം തന്നെ മാറ്റി വച്ചിരുന്നു. ഇതിനെ അതിജീവിച്ചു പുറത്തിറങ്ങുന്നവൾക്ക് മുൻപിൽ തടസ്സങ്ങൾ ഒരുപാടായിരുന്നു.
നീണ്ടു വരുന്ന മുഷ്ടി കൾക്കും ഉയരുന്ന ചൂണ്ടു വിരലിനുമപ്പുറം സ്വന്തം ഇഷ്ടങ്ങളെ നേടിയെടുക്കാൻ പുറത്തിറങ്ങുന്ന സ്ത്രീകളായിരിക്കുകയില്ലേ യഥാർത്ഥ പോരാളികൾ. അടുക്കളപ്പുറത്തെ ഇരുട്ടിൽ മാത്രമേ അവളുടെ ശ്വാസവും ജീവനും നിലനിൽക്കാവൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റുമുണ്ട്. പൊളിച്ചെഴുതേണ്ട ചില ധാരണകളും പഴകി നാറുന്ന ചില സംവിധാനങ്ങളും ഇന്നും നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളോട് യാതൊരു ദക്ഷിണ്യവും ഇത്തരത്തിലുള്ള സംവിധാനങ്ങൾക്കുണ്ടാവുകയില്ല.
അവളുടെ ജീവിതത്തിനു കടക്ക് പുറത്തെന്ന വാക്കിന്റെ വിലയേ യുള്ളൂവെന്ന് അവളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്.
ആരാണീ സമൂഹത്തിനെ തിരുത്തിയെടുക്കുക ? ബന്ധങ്ങളിൽ ആത്മാർത്ഥതയോ സ്നേഹമോ ഇല്ലെന്ന് നിങ്ങൾക്ക് തോന്നിത്തുടങ്ങിയാൽ അവിടെ നിന്നും മാറി നിൽക്കേണ്ടത് അത്യാവശ്യമാണ്.
പെൺകുട്ടികളോട് പറയാൻ ഒന്നേയുള്ളൂ… നിങ്ങളുടെ ജീവിതം അത് നിങ്ങളുടേത് മാത്രമാണ്. അതെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടതും നിങ്ങൾ തന്നെയാണ്. സ്വന്തത്തിനു വേണ്ടി ജീവിക്കാനൊരുങ്ങുന്ന പെണ്ണിനെ സമൂഹം ഒരിക്കലും നല്ലവളായിട്ട് പരിഗണിക്കുകയില്ല. അവൾ അഹങ്കാരിയും തന്നിഷ്ടക്കാരിയുമായിരിക്കും. എന്നാൽ ഭീഷണികളെയും ചങ്ങലകളെയും തകർത്തെറിഞ്ഞു ലക്ഷ്യം നേടിയെടുത്തവൾ എന്നെന്നും സന്തോഷത്തിലായിരിക്കും.