കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പോലീസ്. പരാതിക്കാരിയായ യുവതിയുമൊത്തു ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തി.
പരാതി നൽകിയ യുവതി ലിജുവുമായുള്ള ബന്ധത്തെ പറ്റിയും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ പറ്റിയും ഇന്നലെ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താൻ സഹകരിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുവതി പരാതി നൽകിയ ഇൻഫോപാർക്ക് സ്റ്റേഷൻ പൊലീസാണു പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്ലാറ്റിലാണ്. ഇതിനാൽ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിനു കൈമാറും. ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.