പുരുഷമേധാവിത്വം നിറഞ്ഞു നിൽക്കുന്ന ഇന്ത്യയിൽ കുഞ്ഞിനെ നോക്കി വളർത്തുക എന്നത് അമ്മയുടെ ഉത്തരവാദിത്വമായാണ് കണ്ടുവരുന്നത്. പ്രസവം മുതൽ തുടങ്ങുന്ന അമ്മമാരുടെ അധ്വാനം വിലമതിക്കാനാകാത്തതാണ്. ഏറെ സ്നേഹത്തോടെയും കരുതലോടെയും സുരക്ഷയുടെയും അവർ നിർവഹിക്കുന്ന ഈ ഉത്തരവാദിത്വം അവരിൽ അടിച്ചേൽപ്പിക്കാറാണ് പതിവ്. എന്നാൽ ഇത്തരം കാഴ്ചകളിൽ നിന്ന് മാറ്റങ്ങൾ വരുന്നു എന്നത് ശുഭകരമാണ്.
ജോലി ചെയ്യുന്ന രക്ഷിതാക്കളിൽ അമ്മയ്ക്ക് മാത്രമാണ് നേരത്തെ സ്ഥാപനങ്ങൾ മറ്റേണിറ്റി ലീവ് (പ്രസവാവധി) നൽകിയിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ ആറ് മാസം വരെ ലീവ് നൽകുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ ഇത് നാല്പത് ദിവസം വരെയൊക്കെയാണ് ലീവ് നൽകുന്നത്. സർക്കാർ സ്ഥാപനങ്ങളും ഏതാനും സ്വകാര്യ സ്ഥാപനങ്ങളും ശമ്പളത്തോട് കൂടിയാണ് ലീവ് അനുവദിക്കുന്നത്. എന്നാൽ മറ്റു പലയിടത്തും അങ്ങനെയല്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയിരിക്കെയാണ് അമ്മമാർക്ക് മാത്രമല്ല, അച്ഛന്മാർക്കും പറ്റേർണിറ്റി ലീവ് അനുവദിക്കണമെന്ന ചർച്ച സജീവമായത്. ഇന്ത്യയിൽ ജനിച്ച ട്വിറ്റർ ചീഫ് എക്‌സിക്യുട്ടീവ് പരാഗ് അഗർവാൾ കഴിഞ്ഞ മാസം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകൾ ലീവ് എടുക്കുമെന്ന പ്രഖ്യാപനമാണ് ഇത്തരം ചർച്ചകൾ ഉയർത്തികൊണ്ട് വന്നത്.
ഇന്ത്യൻ കമ്പനികൾക്ക് ഇത്തരം അവധി ഒരു പുതുമയുള്ള കാര്യമാണ്. ഏതാനും കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഏതാനും ദിവസങ്ങളുടെ അവധി നൽകുന്നുണ്ട്. എന്നാൽ ഇത് നാമമാത്രമാണ്. സ്വകാര്യ കമ്പനികളിൽ മിക്കതും ഇത്തരം ലീവുകൾ നൽകുന്നില്ല. കുഞ്ഞും അമ്മയും ആശുപത്രി വിട്ട് വീട്ടിൽ വരുന്നത് വരെയാണ് അച്ഛന്മാർക്ക് ലഭിക്കുന്ന പരമാവധി അവധി. ഇത് തന്നെ അധികമായാൽ ഓവർ ടൈം എടുത്തോ അവധി ദിനങ്ങളിൽ ജോലി എടുത്തോ ഇത് കോമ്പൻസേറ്റ് ചെയ്യുകയും വേണം. പലയിടങ്ങളിലും ഓവർ ആയി എടുക്കുന്ന ലീവുകൾക്ക് സാലറി കട്ട് ചെയ്യുന്ന സംഭവവും ഉണ്ട്.
ഇത്തരം ഘട്ടത്തിലാണ് അച്ഛന്മാർക്കും പ്രസവത്തോട് അനുബന്ധിച്ച് ലീവ് വേണമെന്ന് ആവശ്യം ഉയരുന്നത്. കുഞ്ഞിന്റെ ആദ്യ നാളുകളിൽ അമ്മമാർ പ്രസവത്തെ തുടർന്ന് ഏറെ ക്ഷീണിതരും കൂടുതൽ കെയർ വേണ്ടവരും ആകും. ഈ സമയത്ത് കുഞ്ഞിന്റെ ഉറക്കക്രമവും സാധാരണമാകില്ല. അതിനാൽ തന്നെ കുഞ്ഞിനെ നോക്കുന്നതിൽ അച്ഛന്റെ ആവശ്യം വളരെ വലുതാണ്. കുഞ്ഞിനേയും അമ്മയെയും നോക്കുന്നതിൽ അച്ഛന്മാർ ഏറെ ശ്രദ്ധ കൊടുക്കേണ്ട ഈ സമയത്ത് അവർക്ക് ലീവ് അനുവദിക്കേണ്ടത് ഏറെ ആവശ്യമാണ്.
വിവിധ വിദേശ രാജ്യങ്ങൾ ഇത്തരത്തിൽ ലീവ് നൽകി വരുന്നുണ്ട്. ഇത്തരം വിദേശ കമ്പനികളുടെ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ജോലി എടുക്കുന്നവർക്കും ഈ അവധി ലഭിക്കുന്നുണ്ട്. ബംഗളുരുവിൽ പ്രവർത്തിക്കുന്ന ഇത്തരം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിഹാൻ ഖാൻ ഈ അവധിയുടെ ആനുകൂല്യം നേടിയ വ്യക്തിയാണ്. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന് പാറ്റേർണിറ്റി ലീവ് ലഭിച്ചത്.
കുഞ്ഞ് ജനിച്ച ആദ്യത്തെ മാസം കഠിനമായിരുന്നു, ഉറക്കത്തിന്റെ രീതി മാറിയതിനാൽ കുഞ്ഞിന് നിരന്തരമായ ശ്രദ്ധ ആവശ്യമായിരുന്നു ഖാൻ പറഞ്ഞു. എന്റെ ഭാര്യ 03:30 വരെ കുഞ്ഞിനോടൊപ്പം ഉണ്ടായിരിക്കും, അതിനുശേഷം ഞാൻ ഏറ്റെടുക്കും. അവനെ കൊണ്ടുപോകുക, അവനോടൊപ്പം കളിക്കുക എല്ലാം തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു – റിഹാൻ ഖാൻ പറയുന്നു.
“ഇന്ത്യക്കാരനല്ലാത്ത ഒരു മാനേജരെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്, അദ്ദേഹത്തിന്റെ ബോസ് അമേരിക്കക്കാരനാണ്. അവർ ഇതിനെക്കുറിച്ച് കൂടുതൽ സെൻസിറ്റീവ് ആയതിനാൽ ഇത് ഒരു വ്യത്യാസമുണ്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മിക്ക സംസ്ഥാന സർക്കാരുകളും വിവാഹിതരായ പുരുഷ ജീവനക്കാർക്ക് ഒരു കുട്ടിയുടെ ജനനസമയത്ത് അല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ രണ്ടാഴ്ചത്തെ അവധി എടുക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ ഇത്തരം അവധികൾ പുരുഷന്മാർക്ക് ലഭിക്കാറില്ല. സ്ത്രീകൾക്ക് പോലും കാര്യമായ അവധി ലഭിക്കാറില്ലെന്ന് പറയുന്നു. കുഞ്ഞ് ജനിച്ച് 60 ദിവസം കഴിഞ്ഞ് മിക്ക കമ്പനികളും അവധി റദ്ദാക്കും. കൂടുതൽ ലീവ് എടുത്താൽ ശമ്പളം ഉണ്ടാകില്ല. ചിലയിടങ്ങളിൽ ഇത് പിരിച്ചുവിടലിനോ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുന്നതിനോ കാരണമാകുന്നു.
സർക്കാർ-സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളമുള്ള അവധിക്ക് അർഹതയുണ്ട് ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അവധികളിലൊന്നാണ്. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് സത്യം. വൻകിട കമ്പനികൾ പലപ്പോഴും ഇത്തരം അവധികൾ നൽകുമ്പോൾ ചെറുകിട സ്ഥാപനങ്ങളാണ് മുകളിൽ പറഞ്ഞത് പോലുള്ള നടപടികളിലേക്ക് നീങ്ങുന്നത്.
സ്ത്രീകളുടെ അവധിയെ സംബന്ധിച്ച് ഇന്ത്യയിൽ നിയമങ്ങൾ ഉണ്ട്. എന്നാൽ പിതൃത്വ അവധിക്ക് രാജ്യവ്യാപകമായി ഇപ്പോഴും നയമോ നിയമമോ ഇല്ല. ചില സ്വകാര്യ കമ്പനികൾ പിതാവ്, ദത്തെടുക്കുന്ന മാതാപിതാക്കൾ, എൽജിബിടി ദമ്പതികൾ എന്നിവർക്ക് പിതൃത്വ അവധി നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രതിഭകളെ റിക്രൂട്ട് ചെയ്യാനും നിലനിർത്താനും സഹായിക്കുന്നതിന് ടെക് കമ്പനികൾ മാന്യമായ പിതൃത്വ അവധി നൽകുന്നു. ലിംഗഭേദമോ ലൈംഗിക ആഭിമുഖ്യമോ പരിഗണിക്കാതെ യോഗ്യരായ എല്ലാ ജീവനക്കാർക്കും 26 ആഴ്‌ചത്തെ രക്ഷാകർതൃ ലീവ് അനുവദിക്കുന്ന വൻകിട കോർപറേറ്റ് സ്ഥാപനങ്ങളും ഉണ്ട്.
ഇന്ത്യയിൽ മുൻപ് കൂട്ടുകുടുംബങ്ങൾ ആയിരുന്നതിനാൽ ഇത്തരം അവധികളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ശിശുപരിപാലനം കുടുംബത്തിലെ എല്ലാവരും ചേർന്ന് നടത്തുകയായിരുന്നു. (അപ്പോഴും സ്ത്രീകളുടെ മാത്രം ജോലിയായിരുന്നു). എന്നാൽ ഇപ്പോൾ സ്ഥിതി മാറി. അണുകുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നതോടെ കുഞ്ഞിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പുരുഷന്മാർക്ക് ഒളിച്ചോടാനാകില്ല. അതിനാൽ തന്നെ ഇത്തരം പറ്റേർണിറ്റി അവധികൾ ആവശ്യമാണ്.
പൂനെയിലെ ഫ്‌ളേം യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറായ ശ്രീപർണ ചട്ടോപാധ്യായ, സ്വീഡനിലേതിന് സമാനമായി നിയമാനുസൃതമായ പാരന്റൽ ലീവ് പോളിസി ഇന്ത്യയ്‌ക്ക് ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നു. ഇത്തരം പോളിസി അത് രക്ഷാകർത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതും ബയോളജിക്കൽ മാതാപിതാക്കളിൽ മാത്രം ഒതുങ്ങാത്തതുമാണ്.
ഭാവിയിൽ, പാരന്റൽ ലീവ് അഥവാ പറ്റേണിറ്റി ലീവ് കൂടുതൽ വ്യാപകമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ ലോക വനിതാ ദിനം ഇത്തരം മാറ്റങ്ങളുടെ ചിന്തകൂടി പരത്തട്ടെ.