സംവിധായകൻ ലിജു കൃഷ്ണക്കെതിരെ നടപടിയുമായി സംവിധായകരുടെ സംഘടനായയ ഫെഫ്ക. ലിജു കൃഷ്ണ എടുത്ത താത്ക്കാലിക ഫെഫ്ക അംഗത്വം സംഘടന റദ്ദ് ചെയ്തു. ലൈംഗിക പീഡന പരാതിയിൽ ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഫെഫ്കയുടെ നടപടി. ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കർ പറഞ്ഞു.
ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയെ കേസ് തീര്‍പ്പാകുന്നതുവരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ബലാല്‍സംഗക്കേസില്‍ കഴിഞ്ഞ ദിവസമാണ് സംവിധായകന് ലിജു കൃഷ്ണ അറസ്റ്റിലാവുന്നത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കാക്കനാട് ഇൻഫോ പാർക്ക് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ‘പടവെട്ട്’ സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകൻ അറസ്റ്റിലാവുന്നത്.
അതേസമയം, തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് സംവിധായകൻ ലിജു പറഞ്ഞു. പരാതി നിയമപരമായി നേരിടുമെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ലിജു വ്യക്തമാക്കി.