കീവ്: റഷ്യ-യുക്രെയ്ന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറൂസിലാണ് ചർച്ച പുരോഗമിക്കുന്നത്. മനുഷ്യത്വ ഇടനാഴിയാണ് ചർച്ചയിലെ പ്രധാന വിഷയം.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് വീണ്ടും ചർച്ച നടത്താൻ തീരുമാനമായത്. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് നാലിന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.
അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും.
അതേസമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് സുരക്ഷ നൽകാൻ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെൻസ്കി ചോദിച്ചു. നാറ്റോ നേരിട്ട് ഇടപെടാത്ത സാഹചര്യത്തിലാണ് സെലൻസ്കിയുടെ പ്രതികരണം.
അതിനിടെ, യുക്രൈനിൽനിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം മൂന്നാം ദിവസവും നടപ്പായില്ല. സുരക്ഷിത ഇടനാഴിയിൽ അടക്കം സ്‌ഫോടനങ്ങൾ ഉണ്ടായതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ഒഴിപ്പിക്കൽ നിർത്തിവെച്ചു. നാലു നഗരങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പ്രഖ്യാപിച്ച സുരക്ഷിത പാതകൾ റഷ്യയിലേക്ക് ആയതിന് എതിരെ യുക്രൈൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതും രക്ഷാ പ്രവർത്തനം നിർത്തിവെച്ചതും. ആരാണ് വെടിനിർത്തൽ ലംഘിച്ചതെന്നതിൽ വ്യക്തതയില്ല.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ നാലു നഗരങ്ങളിൽ വെടി നിർത്തും എന്നായിരുന്നു റഷ്യൻ സൈന്യത്തിന്റെ അറിയിപ്പ്. കീവ്, കാർകീവ്, സുമി, മരിയോപോൾ നഗരങ്ങളിൽ ഉള്ളവർക്ക് രക്ഷപ്പെടാനായി സുരക്ഷിത വഴികൾ ഒരുക്കുമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. എന്നാൽ റഷ്യൻ സൈന്യം പുറത്തുവിട്ട മാപ്പിൽ സുരക്ഷിത വഴികൾ അവസാനിച്ചത് റഷ്യയിലും ബെലറൂസിലുമായിരുന്നു. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ റഷ്യയിലും ബെലറൂസിലും എത്തി അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകട്ടെഎന്ന നിലപാടാണ് റഷ്യ പ്രകടിപ്പിച്ചത്. എന്നാൽ ഈ പാതകൾ സ്വീകാര്യമല്ലെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഐറീന വേരേഷ് ചക് പ്രതികരിച്ചു. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകാൻ യുക്രയിൻകാർ തയ്യാറല്ലെന്നും ഐറീന പറഞ്ഞു.
















