ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് എക്സിറ്റ് പോൾ ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും.
മാർച്ച് 10ന് യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി.