ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ അധ്യക്ഷ പദവിലേക്ക് കടന്നു വന്നിരിക്കുന്ന സാദിഖലി ശിഹാബ് തങ്ങളെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. എല്ലാ ദുഃഖത്തിനിടയിലും യു.ഡി.എഫിന് പുതിയൊരു യുവ നേതൃത്വം കൂടി ഉണ്ടാകുകയാണെന്ന സന്തോഷമുണ്ട്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ബദൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. അതേ ആശയവുമായി മുന്നോട്ടു പോകുന്നയാളാണ് സദിഖലി ശിഹാബ് തങ്ങളും. യു.ഡി.എഫ് നേതൃത്വം കൂടുതൽ കരുത്താർജ്ജിക്കുമെന്ന ആത്മവിശ്വാസമുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി അഭിനന്ദിക്കുന്നു.
ശ്രേഷ്ഠവും ഉദാത്തവുമായ മതേതര ആശയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ഹൈദരലി ശാഹാബ് തങ്ങൾ അവസാന ശ്വാസം വരെ ജീവിച്ചത്. അത് തുടരാനുള്ള ഉത്തരവാദിത്തം നമ്മൾക്കെല്ലാവർക്കുമുണ്ട്. ബഹുസ്വര സമൂഹത്തിൽ പാരസ്പര്യത്തോടും സാഹോദര്യത്തോടും കൂടി എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സാഹചര്യം നമുക്കുണ്ടാക്കണം. അതിനെ എതിർക്കുന്ന എല്ലാ ശക്തികളെയും ചെറുത്ത് തോൽപ്പിക്കണം. മാനവികതയാണ് ഏറ്റവും ഉയരത്തിൽ നിൽക്കേണ്ടത്. ഇതെല്ലാമാണ് ഹൈദരാലി തങ്ങൾ നമ്മെ പഠിപ്പിച്ചത്.
രാഷ്ട്രീയ നേതാവും ആത്മീയ നേതാവും എന്നതിലുപരി മനുഷ്യ സ്നേഹിയായ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തി എന്ന നിലയിലായിരിക്കും അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന്, കാരുണ്യത്തിന്റെ മതമായ ഇസ്ലാം പറഞ്ഞത് അദ്ദേഹം ജീവിതത്തിൽ നടപ്പിലാക്കി. മഹാനായ ആ വലിയ മനുഷ്യന്റെ മുന്നിൽ ആദരവുകളർപ്പിക്കുന്നു. പാണക്കാട് കുടുംബത്തിനും ഈ നാടിനുമുണ്ടായ വലിയ ശൂന്യതയിലും നഷ്ടത്തിലും പങ്കു ചേരുന്നു.