കോവിഡ് 19 സ്ഥിരീകരിച്ച് ആഴ്ചകൾക്ക് ശേഷം ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിനെ (Aishwaryaa Rajinikanth) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയ കാര്യം ആരാധകരെ അറിയിക്കാൻ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ എത്തി.
നടൻ ധനുഷുമായുള്ള വേർപിരിയലിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സംവിധായിക, ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രങ്ങളുടെ ഒരു പരമ്പര പങ്കിട്ടു. “കോവിഡിന് മുമ്പുള്ള ജീവിതം, കോവിഡിന് ശേഷമുള്ള ജീവിതം… വീണ്ടും പനിയും തലകറക്കവും ഉണ്ടായി ആശുപത്രിയിൽ തിരിച്ചെത്തി,” ഐശ്വര്യ കുറിച്ചു. തന്നെ ചികിത്സിക്കുന്ന ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്തു ഐശ്വര്യ.
കമന്റ് സെക്ഷനിൽ ഐശ്വര്യയ്ക്ക് ഉടൻ സുഖം പ്രാപിക്കാനുള്ള സന്ദേശങ്ങൾ ആരാധകർ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം തെന്നിന്ത്യൻ മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തന്റെ കോവിഡ് -19 രോഗനിർണയത്തെക്കുറിച്ച് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ എല്ലാവരേയും അറിയിച്ചു. എല്ലാ മുൻകരുതലുകളും എടുത്തിട്ടാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഐശ്വര്യ പറഞ്ഞു.