സനാ: മലയാളികളുടെ പ്രതീക്ഷകൾ വിഫലമായി. യെമൻ (Yemen) പൗരനെ കൊലപ്പെടുത്തിയ (murder) കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ(33) (Nimisha Priya) വധശിക്ഷ (death sentence) യെമനിലെ അപ്പീൽ കോടതി ശരിവെച്ചു. യെമനിലെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീർപ്പ് സുപ്രീം കോടതി പുഃനപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയാണ് സുപ്രീം കോടതി ചെയ്യുക.
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിക്കുകയായിരുന്നു.
നിമിഷ പ്രിയ തലാലിൻറെ ഭാര്യയാണെന്നതിന് യെമനിൽ രേഖകളുണ്ട്. എന്നാൽ ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.