ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രം ഹേയ് സിനാമികയുടെ (Hey Sinamika) സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാർ പുറത്തുവിട്ടു. ദുൽഖറും നായികമാരിൽ ഒരാളായ അദിതി റാവു ഹൈദരിയും പ്രത്യക്ഷപ്പെടുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. കാജൽ അഗർവാൾ മറ്റൊരു നായിക. സംഭാഷണ പ്രിയനായ യാഴൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. യാഴൻറെ ഭാര്യ മൗനയായി അദിതിയും എത്തുന്നു. തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ആദ്യ ചിത്രത്തിലെ നായകനെക്കുറിച്ച് ആലോചിച്ചപ്പോൾത്തന്നെ ദുൽഖറിൻറെ മുഖമാണ് തൻറെ മനസിൽ തെളിഞ്ഞതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ബൃന്ദ മാസ്റ്റർ പറഞ്ഞിരുന്നു. ഇഷ്ട നടൻ ദുൽഖർ ആണ്. മദൻ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞ മുഖം ദുൽഖറിന്റേത് തന്നെയാണ്. ദുൽഖർ ‘യാഴനാ’യി എത്തിയാൽ നന്നായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് കഥ പറയുന്നത്. അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ദുൽഖർ പറഞ്ഞതോടെ ഞാൻ ഹാപ്പിയായി. നിരവധി സിനിമകളിൽ ഞാൻ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനെ പോലൊരു നടൻ അഭിനയിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു. സെറ്റിലെല്ലാം ഞങ്ങൾ ഒരു ഫാമിലിയെ പോലെയായിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായി. നന്നായി ഡാൻസ് ചെയ്യുന്ന ആളാണ് ദുൽഖർ. യഥാർത്ഥത്തിൽ ഒരു സ്റ്റൈലിഷ് ഡാൻസറാണ് ദുൽഖർ. ഡാൻസ് കളിക്കുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും അത് വ്യക്തമാണ്, ബൃന്ദ മാസ്റ്റർ പറഞ്ഞു.