കൗതുകമുണർത്തുന്ന കാസ്റ്റിംഗ് കോമ്പിനേഷനുമായി ഒരു പുതിയ മലയാളചിത്രം വരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് ചാൾസ് എൻറർപ്രൈസസ് (Charles Enterprises) എന്നാണ് പേരിട്ടിരിക്കുന്നത്. ഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് ചിത്രത്തിന്റേത്. മെട്രോ റെയിൽ അടക്കം കടന്നുവരുന്ന നഗര പശ്ചാത്തലത്തിൽ നിൽക്കുന്ന ഗണപതിയുടെ സ്കെച്ച് ആണ് പോസ്റ്റർ. മോഹൻലാൽ ആണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. ഡോ. അജിത് ജോയ് നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹ നിർമ്മാണം പ്രദീപ് മേനോൻ ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്മണ്യൻ കെ വി, എഡിറ്റിംഗ് അച്ചു വിജയൻ, നിർമ്മാണ നിർവ്വഹണം ദീപക് പരമേശ്വരൻ, ഗാനരചന അൻവർ അലി, ഇമ്പാച്ചി, നാച്ചി എന്നിവർ, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, മേക്കപ്പ് സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രഫി ഫസലുൾ ഹക്ക്, പരസ്യകല യെല്ലോടൂത്ത്സ്.
മിന്നൽ മുരളിയിലെ പ്രതിനായകൻ ഷിബുവിനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികളുടെ കൈയടി നേടിയ ആളാണ് തമിഴ് താരം ഗുരു സോമസുന്ദരം. ടൊവീനോയ്ക്കും ബേസിലിനുമൊപ്പം ചിത്രം കൊണ്ട് ഏറ്റവും നേട്ടമുണ്ടായ മറ്റൊരാൾ ഗുരു ആയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം തിയറ്ററിൽ വൻ വിജയം നേടിയ ജാൻ എ മൻ ആണ് ബാലു വർഗീസിൻറേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ബാലു വർഗീസ് അവതരിപ്പിച്ചുപോരുന്ന കഥാപാത്രങ്ങളിൽ നിന്നൊക്കെ വേറിട്ടതായിരുന്നു ജാൻ എ മന്നിലെ മോനിച്ചൻ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F526783515481585&show_text=true&width=500