തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമാക്കി വച്ചിരുന്ന വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന്റെ ദേഷ്യത്തിലാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്ന് പ്രവീൺ പോലീസിനോടു പറഞ്ഞു.ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
വെള്ളിയാഴ്ച്ച രാവിലെ കാട്ടാക്കടയിൽ നിന്ന് പ്രവീൺ തന്നെയാണ് ഗായത്രി നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. രാവിലെ 10 മണിക്ക് തന്നെ ഹോട്ടലിൽ മുറിയെടുത്തു. ഒടുവിൽ പ്രവീൺ മുൻകൂട്ടി നിശ്ചയിച്ചത് പോലെ ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ശേഷം മുറി പൂട്ടി കൊല്ലത്തേക്ക് രക്ഷപെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രവീണിനെ സംഭവം നടന്ന ഹോട്ടലിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ഇവിടെ വച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി.നിലവിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹം കഴിക്കാമെന്ന് പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും ഗായത്രി അതിന് തയാറായിരുന്നില്ല. ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് പ്രവീൺ ആഗ്രഹിച്ചത്.
പ്രവീണിന്റെ രഹസ്യ ബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ സ്ഥാപനം ഇയാളെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ഗായത്രി നിർബന്ധം പിടിച്ചു.ഗായത്രിയുടെ ആവശ്യപ്രകാരം 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായത്. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. ഗായത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തത്.എന്നാൽ ഇവിടെയെത്തിയ ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ഗായത്രിയെ കൊല്ലുകായിരുന്നു.