56 പേരുടെ മരണത്തിനിടയാക്കിയ പെഷവാർ ചാവേർ സ്ഫോടനത്തെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) ശക്തമായി അപലപിച്ചു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. അടുത്ത കാലത്തായി ഉണ്ടായ വിഭാഗീയ സംഘടനകളുടെ മുഖമുദ്ര സ്ഫോടനത്തിൽ പ്രകടമാണെന്നും എച്ച്ആർസിപി പ്രസ്താവനയിലൂടെ പറഞ്ഞു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഷിയ പള്ളിയിലാണ് വൻ സ്ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥന സമയത്ത്, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പ്രാർഥനയ്ക്കായി വലിയ ജനക്കൂട്ടം പള്ളിക്കുള്ളിലുള്ള സമയത്താണ് ചാവേറുകൾ എത്തിയത്. സ്ഫോടനം നടന്ന ഖ്വിസ ഖ്വാനി മേഖലയിലെ ജാമിയ മുസ്ലിം പള്ളി അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ്. മാർക്കറ്റ് പ്രദേശമായതിനാൽ വലിയ ആൾക്കൂട്ടമുള്ള സ്ഥലമാണിത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിക്കുള്ളിൽ 2 ചാവേറുകളാണ് കടന്നുകൂടിയതെന്ന് പെഷവാർ എസ്എസ്പി ഹാരൂൺ റഷീദ് ഖാൻ പറഞ്ഞു. പുറത്ത് കാവലുണ്ടായിരുന്ന പൊലീസുകാരിലൊരാളെ വെടിവച്ചു കൊന്ന ശേഷമാണ് അവർ അകത്തു കടന്നത്. തൊട്ടു പിന്നാലെ ഉഗ്രസ്ഫോടനമുണ്ടായി. പരുക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനോടാവശ്യപ്പെട്ടിരുന്നു. പ്രാർഥനയ്ക്കെത്തിയവരെ നിഷ്ഠുരമായി വധിച്ചത് നീചമായ സംഭവമാണെന്ന് ഇമ്രാൻ ഖാൻ അപലപിച്ചു. രണ്ട് പേർ പൊലീസുമായി വെടിവയ്പ്പ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സംഭവത്തെ ചാവേർ ആക്രമണമെന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥർ, രണ്ട് അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞതും. കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഖിസ്സ ഖ്വാനി ബസാറിലെ പള്ളിയിലേക്ക് കയറുന്നത്, പിന്നീട് ഉണ്ടായത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട എല്ലാവരോടും കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.