ന്യൂഡൽഹി: യുക്രൈൻ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങൾക്ക് സാധിക്കാത്തത് നം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തിന്റെ അടയാളമാണ് ഈ വിജയമെന്നും പൂനെയിലെ സിംബയോസിസ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങിൽ മോദി പറഞ്ഞു.
നമ്മള് കോവിഡിനെ ഫലപ്രദമായാണ് പ്രതിരോധിച്ചത്. ഇനി യുക്രെയ്നിലെ പ്രതിസന്ധിയാണ്. വലിയ രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും ഒഴിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ നമ്മുടെ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നമുക്ക് സാധിച്ചു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്താലാണ് ഇതൊക്കെ സംഭവിച്ചതെന്ന് മോദി പറഞ്ഞു.
ആയിരക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 15,900 ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗ വഴി തിരിച്ചെത്തിച്ചെന്നും ഇന്ന് എത്തിയത് 2195 പേരാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും അറിയിച്ചു. യുക്രൈനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർ ഉടൻ ബന്ധപ്പെടണമെന്ന എംബസി അറിയിച്ചു. വിദ്യാർഥികളുടെ പേരും ലൊക്കേഷനും ഉൾപ്പെടെ എംബസി നൽകിയ രജിസ്റ്ററിൽ രേഖപ്പെടുത്തി മെയിൽ ചെയ്യണമെന്നും അടിയന്തരമായി എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി.