തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ എകെജി സെന്ററിൽ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം മേയര്‍ പങ്കുവച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ വരികള്‍ ചേര്‍ത്താണ് വിവാഹ നിശ്ചയ ചിത്രം ആര്യ പങ്കുവച്ചിരിക്കുന്നത്.
“സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.”- മേയർ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fs.aryarajendran%2Fposts%2F532692484854943&show_text=true&width=500
സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. മന്ത്രി വി. ശിവൻകുട്ടി, വി.കെ.പ്രശാന്ത് എംഎൽഎ തുടങ്ങിയവരും ചടങ്ങിനെത്തി.
വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിൻ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവർക്കും ചുമതലകളുണ്ട്. അത് ഞങ്ങൾ നിർവഹിക്കും. അതിൽ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന് ദേവ് വ്യക്തമാക്കി.
“ഇപ്പോള്‍ വിവാഹ സങ്കല്പങ്ങളില് മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനർത്ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല. ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേല്‍പ്പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ സങ്കല്‍പ്പങ്ങളിലൊക്കെ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകും. സമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും”, സച്ചിന് ദേവ് പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്. ആര്യാ രാജേന്ദ്രൻ എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.