ന്യൂഡല്‍ഹി: ഓപ്പറേഷന് ഗംഗ ദൗത്യത്തിലൂടെ 2500 വിദ്യാര്‍ത്ഥികളെ കൂടി ഇന്ത്യയിലെത്തിച്ചു. യുദ്ധരംഗത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത് 13 വിമാനങ്ങളാണ്. പോളണ്ട്, സ്ളോവാക്യ, ഹംഗറി , റൊമാനിയ അതിര്‍ത്തികളില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഭാഗമായി.
യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആക്രമണം രൂക്ഷമായ കാര്‍കീവ്, കീവ് മേഖലയില്‍ നിന്നുള്ളവരാണ് തിരിച്ചെത്തിയവരില്‍ അധികവും.
യുക്രൈന് ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.
അതേസമയം, യുക്രൈനിലെ മരിയുപോളില്‍ വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. 11 മണിക്കൂറാണ് താത്കാലിക വെടിനിര്‍ത്തല്‍. യുക്രൈന് സമയം ഇന്നുരാത്രി ഒന്‍പതുവരെയാണ് വെടിനിര്‍ത്തല്‍. ജനങ്ങളെ ഒഴിപ്പിക്കാന്‍ മൂന്നിടങ്ങളില്‍ നിന്ന് ബസ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. റെഡ്ക്രോസാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതിനിടെ പൗരന്മാര് ഉടന്‍ രാജ്യംവിടണമെന്ന് അമേരിക്കയും കാനഡയും നിര്‍ദേശിച്ചു.